Times Kerala

 കണികാണാൻ മാത്രമല്ല, പല രോഗത്തിനും പരിഹാരം; കണിക്കൊന്നയ്ക്ക് ആയുർവേദത്തിൽ പ്രിയമേറെ

 
 കണികാണാൻ മാത്രമല്ല, പല രോഗത്തിനും പരിഹാരം; കണിക്കൊന്നയ്ക്ക് ആയുർവേദത്തിൽ പ്രിയമേറെ
 

വിഷുക്കാലത്ത് പൂത്തുലഞ്ഞ് നില്‍ക്കുന്ന കണിക്കൊന്ന തണല്‍മരമായും അലങ്കാരവൃക്ഷമായും വളര്‍ത്താറുണ്ട്. ആയുര്‍വ്വേദശാസ്ത്രപ്രകാരം കണിക്കൊന്ന ത്വക്ക് രോഗങ്ങളെ നിവാരണം ചെയ്യുന്ന ഒരുത്തമ ഔഷധമാണ്. സുഖവിരേചനാര്‍ഥം പ്രയോഗിക്കാവുന്ന ഈ ഔഷധം ശരീരത്തില്‍ രക്തശുദ്ധിയുണ്ടാക്കും. വേര്, മരപ്പട്ട, ഇലകള്‍, പൂക്കള്‍, ഫലമജ്ജ എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്.

ആന്ത്രക്വിനോണ്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള കണിക്കൊന്നവേര്‍ വിരേചനത്തെയുണ്ടാക്കുന്നതും ജ്വരം, ചുട്ടുനീറ്റല്‍ എന്നിവയെ ശമിപ്പിക്കുന്നതുമാകുന്നു. മരപ്പട്ട ഉദരകൃമികളെ നശിപ്പിക്കും. ഇതുകൂടാതെ മരപ്പട്ട ജ്വരഹരവും മൂത്രവര്‍ധകവും പ്രമേഹം ശമിപ്പിക്കുന്നതുമാകുന്നു. ഇലകള്‍ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കും. വ്രണങ്ങളെ ഉണക്കും.

കണിക്കൊന്നയുടെ പുഷ്പങ്ങള്‍ ചുമ, ശ്വാസതടസ്സം, ചുടിച്ചില്‍, ചൊറിച്ചില്‍ എന്നിവയകറ്റും. വിവിധ വാതരോഗങ്ങള്‍ ദൂരീകരിക്കാന്‍ ഫലമജ്ജ സഹായകമാകും. കണിക്കൊന്ന വേര്, മരപ്പട്ട എന്നിവയുടെ കഷായം 50-100 മിലി വീതം രാവിലെയും വൈകിട്ടും കഴിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കും.

കണിക്കൊന്നപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് വ്രണങ്ങള്‍ കഴുകുന്നത് അവ ശുദ്ധമാകുന്നതിനും ഉണങ്ങുന്നതിനും സഹായകമാകും. വാതരോഗങ്ങളില്‍ മരപ്പട്ടയും ഇലകളും എള്ളെണ്ണയും ചേര്‍ത്തരച്ച് പുറമെ പുരട്ടുന്നത് ഏറെ ഫലം നല്‍കും.

ഇലകളുടെ ലേപനം പുഴുക്കടിക്ക് വളരെ ഉത്തമമാണ്. ഇലകള്‍ അരച്ച് കണ്ണിന്റെ ഇമകളില്‍ പുരട്ടിയാലും വെച്ചുകെട്ടിയാലും കണ്ണിനുണ്ടാകുന്ന ചുവപ്പ്, എരിച്ചില്‍ എന്നിവ അടങ്ങും.


 
5-10 ഗ്രാം പൂക്കളരച്ച് കഴിക്കുന്നത് ത്വക്ക് രോഗനാശകമാണ്. ശരീരത്തില്‍ അത്യധികമായ ചുടിച്ചില്‍ അനുഭവപ്പെടുന്ന അവസരങ്ങളിലും ഇത് ഗുണം ചെയ്യും. പൂക്കള്‍ കഷായംവെച്ച് സേവിച്ചാല്‍ ഉദരസംബന്ധമായ അസ്വസ്ഥതകള്‍ അകറ്റാം.

Related Topics

Share this story