ഭരണഘടനാ നിര്‍മാണസഭ

 ഭരണഘടനാ നിര്‍മാണസഭ
 

ഇന്ത്യയ്‌ക്ക് ഒരു ഭരണഘടനാനിര്‍മ്മാണസഭ രൂപംകൊണ്ടത്‌ 1946 ലെ കാബിനറ്റ്‌ മിഷന്‍ പദ്ധതിയനുസരിച്ചാണ്‌.ഭരണഘടനയുടെ ആദ്യത്തെ സമ്മേളനം 1946 ഡിസംബര്‍ 9ന്‌ ദില്ലിയില്‍ കൂടി. പാകിസ്‌ഥാന്‍ രൂപവത്‌കരിക്കുമെന്ന്‌ ഉറപ്പുലഭിക്കാതെ ഭരണഘടനാസഭയില്‍ പങ്കെടുക്കുകയില്ലെന്നായിരുന്നു മുസ്‌ളീം ലീഗിന്റെ നിലപാട്‌. എങ്കിലും സഭ അന്ന്‌ ഡോ. രാജേന്ദ്രപ്രസാദിനെ അതിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കുകയും ഭരണഘടനയുടെ വിവിധ വിഭാഗങ്ങള്‍ എഴുതിയുണ്ടാക്കാന്‍ സബ്‌കമ്മിറ്റികള്‍ രൂപവത്‌കരിക്കുകയും ചെയ്‌തു.

1948 ജൂണിനു മുമ്പ്‌ ബ്രിട്ടന്‍ ഇന്ത്യവിടുമെന്ന്‌ 1947 ഫെബ്രുവരി 20ന്‌ പ്രഖ്യാപിച്ചു. കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ യോജിച്ച ഒരു തീരുമാനമെടുക്കുന്നില്ലെങ്കില്‍ അധികാരകൈമാറ്റത്തിനുള്ള ഒരു പദ്ധതിയും ബ്രിട്ടന്‍ പ്രഖ്യാപിച്ചു. ആ പദ്ധതിയുടെ അടിസ്‌ഥാനത്തില്‍ത്തന്നെ ഇന്ത്യയെ ഇന്ത്യന്‍ യൂണിയനെന്നും പാകിസ്‌ഥാനെന്നും രണ്ടായി വിഭജിക്കാമെന്ന്‌ കോണ്‍ഗ്രസും മുസ്ലീം ലീഗും സമ്മതിച്ചു. അതിനെത്തുടര്‍ന്ന്‌ 1947 ഓഗസ്‌റ്റ് 15 മുതല്‍ രണ്ട്‌ പരമാധികാര രാഷ്‌ട്രങ്ങള്‍ നിലവില്‍വന്നു.


ഇന്ത്യന്‍ യൂണിയന്റെ ഭരണഘടനാസഭ 1947 ഓഗസ്‌റ്റ് 14-ാം തീയതി രാത്രി ദില്ലിയില്‍ സമ്മേളിച്ച്‌ ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും മൗണ്ട്‌ ബാറ്റന്‍ പ്രഭുവിനെ ഗവര്‍ണര്‍ ജനറലായും പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തീരുമാനിക്കുകയും ചെയ്‌തു. ഡോ. അംബേദ്‌കര്‍ അധ്യക്ഷനായുള്ള കരടുരേഖാ നിര്‍മ്മാണ കമ്മിറ്റി 1947 ആഗസ്‌റ്റ് 29-ാം തീയതി ഭരണഘടനാ നിര്‍മ്മാണസഭ സമ്മേളിച്ച്‌ ഒരു കരടുരേഖാ നിര്‍മ്മാണ കമ്മിറ്റിക്ക്‌ രൂപം നല്‍കി. ഡോ. അംബേദ്‌കര്‍ അധ്യക്ഷനായും എന്‍. ഗോപാല സ്വാമി അയ്യങ്കാര്‍, കെ.എം. മുന്‍ഷി, എന്‍ മാധവറാവു, മുഹമ്മദ്‌ സാദുള്ള, ടി.ടി. കൃഷ്‌ണമാചാരി എന്നിവര്‍ അംഗങ്ങളുമായിരുന്നു. കമ്മിറ്റിയുടെ ഭരണഘടനാ ഉപദേഷ്‌ടാവായി ബി.എന്‍. റാവു നിയമിക്കപ്പെട്ടു.

പുതിയ ഭരണഘടന കോണ്‍സ്‌റ്റിറ്റ്യുവന്റ്‌ അസംബ്ലി മൂന്നുവര്‍ഷത്തോളം നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമായി 1949 നവംബര്‍ 26-ാം തീയതിയോടുകൂടി ഭരണഘടന പൂര്‍ണ രൂപത്തിലായി. എങ്കിലും 1950 ജനുവരി 26-ാം തീയതിയാണ്‌ അത്‌ പ്രാബല്യത്തില്‍ വന്നത്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പൂര്‍ണസ്വരാജ്‌- പരിപൂര്‍ണമായ രാഷ്‌ട്രീയ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട്‌ പ്രമേയം പാസാക്കിയതിന്റെ ഇരുപതാം വാര്‍ഷികദിനമായിരുന്നു എന്നതാണ്‌ 1950 ജനുവരി 26 ന്റെ പ്രാധാന്യം. അന്നുമുതല്‍ ആ ദിനം ഇന്ത്യയുടെ റിപ്പബ്ലിക്‌ ദിനമായും ആചരിക്കപ്പെട്ടുപോരുന്നു.

Share this story