മുംബൈ-ഗുജറാത്ത് രണ്ടാം ക്വാളിഫയര്‍ പോരാട്ടം; മഴ മുടക്കിയാല്‍ ഫൈനലില്‍ ആരെത്തും
Fri, 26 May 2023

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങുകയാണ്. തുടര്‍ജയങ്ങളുമായി പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തിയശേഷം ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതാണ് ഗുജറാത്തിന് തിരിച്ചടിയായത്. മുംബൈ ആകട്ടെ മങ്ങിയ തുടക്കത്തിനുശേഷം ശരിയായ സമയത്ത് ഫോമിലേക്കുയര്‍ന്നാണ് ക്വാളിഫയറിന് യോഗ്യത നേടിയത്. എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ തകര്‍ത്താണ് മുംബൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. ഇന്ന് ഗുജറാത്തിന്‍റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. ഫൈനലും ഞായറാഴ്ച ഇതേ സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്നത്തെ മത്സരത്തിന് മഴ ഭീഷണിയില്ലെങ്കിലും അപ്രതീക്ഷിതമായി മഴമൂലം കളി തടസപ്പെട്ടാല്‍ ആരാകും ഫൈനലില്‍ എത്തുക എന്ന ചോദ്യം പ്രസക്തമാണ്.