കൊൽക്കത്ത: വിവാദ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലിമ നസ്രീൻ 19 വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ തിരിച്ചെത്തി. വിവാദമായ ‘ദ്വിഖണ്ഡിതോ’ എന്ന പുസ്തകത്തെ ചൊല്ലിയുണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് 2007-ൽ നഗരം വിടേണ്ടിവന്നതിന് ശേഷമുള്ള ആദ്യ പൊതുസന്ദർശനമാണിത്. (Taslima Nasreen returns Kolkata)
വെള്ളിയാഴ്ച നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തസ്ലിമ നസ്രീൻ, “ഇവിടെ എത്തിയതിൽ ഏറെ സന്തോഷമുണ്ട്” എന്ന് പ്രതികരിച്ചു. ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്തതിന് ശേഷം വർഷങ്ങളോളം തന്റെ വീടായി കണ്ടിരുന്ന കൊൽക്കത്തയിലേക്കുള്ള മടങ്ങിവരവിനെ അവർ “വ്യക്തിപരമായ തിരിച്ചുവരവ്” എന്നാണ് വിശേഷിപ്പിച്ചത്.
2007-ൽ തന്റെ ആത്മകഥയായ ‘ദ്വിഖണ്ഡിതോ’ ക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളെത്തുടർന്നാണ് തസ്ലിമയ്ക്ക് കൊൽക്കത്ത വിടേണ്ടിവന്നത്. മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് 2003-ൽ അന്നത്തെ സിപിഎം നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ പുസ്തകം നിരോധിച്ചിരുന്നു. നിലവിൽ ദീർഘകാല താമസാനുമതിയോടെ ഡൽഹിയിലാണ് 63-കാരിയായ തസ്ലിമ താമസിക്കുന്നത്. “ഞാൻ ഒരിക്കലും കൊൽക്കത്ത വിടാൻ ആഗ്രഹിച്ചിരുന്നില്ല. അന്നത്തെ പശ്ചിമ ബംഗാൾ സർക്കാരാണ് എന്നെ പോകാൻ നിർബന്ധിച്ചത്. എങ്കിലും ഒരുനാൾ തിരിച്ചെത്തുമെന്ന പ്രതീക്ഷ ഞാൻ ഒരിക്കലും ഉപേക്ഷിച്ചില്ല. വർഷങ്ങൾ കടന്നുപോയി, സർക്കാരുകൾ മാറി, പക്ഷേ വാതിൽ തുറന്നില്ല,” എന്ന് തസ്ലിമ നേരത്തെ പ്രതികരിച്ചിരുന്നു. ശനിയാഴ്ച കൊൽക്കത്തയിലെ രബീന്ദ്ര സദനിൽ നടക്കുന്ന മൗലികവാദ വിരുദ്ധ പരിപാടിയിൽ തസ്ലിമ പങ്കെടുക്കും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, പ്രശസ്ത എഴുത്തുകാരൻ ശീർഷേന്ദു മുഖോപാധ്യായ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.
Summary: Bangladeshi writer and activist Taslima Nasreen returned to Kolkata after 19 years, marking her first public visit to the city since she was forced to leave in 2007 following protests over her book ‘Dwikhondito’. She said she never left Kolkata willingly and always hoped to return someday.


