ഹൈദരാബാദ്: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത വ്യാജ ട്രേഡിങ് ആപ്പിലൂടെ പ്രതിരോധ പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരന് ₹7.95 ലക്ഷം നഷ്ടമായ സംഭവത്തിൽ ഗൂഗിൾ ഇന്ത്യയുടെ നോഡൽ ഓഫീസർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. അശ്രദ്ധ ആരോപിച്ചാണ് സൈബരാബാദ് സൈബർ ക്രൈം പോലീസ് കേസെടുത്തത് (Fake Trading App Fraud). ജൂലൈയിൽ സാമൂഹികമാധ്യമത്തിലൂടെ ബന്ധപ്പെടുന്ന തട്ടിപ്പുകാർ, ട്രേഡിങ് ആപ്പിൽ അക്കൗണ്ട് തുറന്ന് നിക്ഷേപിക്കാൻ പരാതിക്കാരനെ പ്രേരിപ്പിച്ചതായാണ് വിവരം. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആപ്പ് വഴി ₹7.95 ലക്ഷം നിക്ഷേപിച്ചപ്പോൾ ലാഭം കാണിച്ചെങ്കിലും പണം പിൻവലിക്കാനുള്ള അപേക്ഷകൾ നിരസിക്കപ്പെട്ടു. തുടർന്ന് തുക പിൻവലിക്കാൻ ‘നികുതി’ അടയ്ക്കണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.
ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്പായതിനാൽ അത് വിശ്വസനീയമാണെന്ന് കരുതിയാണ് നിക്ഷേപം നടത്തിയതെന്നും പിന്നീട് പണം നഷ്ടമായെന്നും പരാതിക്കാരൻ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ അശ്രദ്ധ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഗൂഗിൾ ഇന്ത്യയുടെ നോഡൽ ഓഫീസറെ കേസിൽ പ്രതിചേർത്തതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഗൂഗിളിന്റെ ഭാഗത്തുനിന്ന് ഉടൻ പ്രതികരണമുണ്ടായിട്ടില്ല.
സമാന രീതിയിലുള്ള മറ്റ് മൂന്ന് സൈബർ തട്ടിപ്പ് കേസുകളിലും ഗൂഗിൾ ഇന്ത്യയുടെ മേധാവിയെ സഹപ്രതിയാക്കിയതായി ഹൈദരാബാദ് സൈബർ ക്രൈം പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് വ്യാജ നിക്ഷേപ ആപ്പുകൾ ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതികളിൽ ആരോപിക്കുന്നത്. അതേസമയം, ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജൂലൈ 22-ന് ഗൂഗിൾ വ്യക്തമാക്കിയിരുന്നു. പരാതികളിൽ പരാമർശിച്ച ആപ്പുകളിൽ ഒന്ന് മാത്രമാണ് പ്ലേ സ്റ്റോറിൽ ലഭ്യമായിരുന്നതെന്നും അത് കമ്പനിയുടെ സാമ്പത്തിക സേവന നയങ്ങൾ പാലിക്കുന്നതാണെന്നും ഗൂഗിൾ അറിയിച്ചിരുന്നു. സംഭവത്തിൽ തുടർ അന്വേഷണം നടക്കുകയാണ്.
Summary: A defence PSU employee allegedly lost ₹7.95 lakh after investing through a fake trading app downloaded from the Google Play Store. Cyberabad Cyber Crime Police registered a negligence case and named Google India’s nodal officer as one of the accused.


