കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ പൊലീസ് (Vadakara MDMA Case). കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനിടയുണ്ടെന്നും കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്കും കോഴിക്കോട് റൂറൽ എസ്.പി മെറിൻ ജോസഫും അറിയിച്ചു.
അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ടിലൂടെ ഒരു കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിലെ അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്കും ലക്ഷക്കണക്കിന് രൂപ എത്തിയതായി പൊലീസ് വ്യക്തമാക്കി. പ്രധാന പ്രതികളിൽ ഒരാളാണ് ജിജിലെന്നും അന്വേഷണ സംഘം അറിയിച്ചു.
പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് വിദ്യാർഥികളിലേക്ക് എത്തിയിട്ടുണ്ടോയെന്ന കാര്യവും വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ നടത്തിയ വിദേശ നമ്പറുകളിലേക്കുള്ള ഫോൺവിളികളും വിദേശയാത്രകളും അന്വേഷണത്തിന്റെ ഭാഗമാകും.
രണ്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതോടെയാണ് കേസ് ആരംഭിച്ചത്. എന്നാൽ അന്വേഷണം പുരോഗമിച്ചതോടെ കോടികളുടെ സാമ്പത്തിക ഇടപാടുകളിലേക്കാണ് അന്വേഷണം എത്തിച്ചേർന്നിരിക്കുന്നത്. അധ്യാപികമാരുമായി അടുത്ത ബന്ധമുള്ള ജിജിൽ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ ഒരു കോടിയിലധികം രൂപ കൈമാറിയതായും അധ്യാപികമാരുടെ അക്കൗണ്ടുകളിൽ 16 ലക്ഷം രൂപ വരെ എത്തിയതായും പൊലീസ് പറഞ്ഞു.
അധ്യാപികയായ കീർത്തന നടത്തിയിരുന്ന ‘ബൺ മസ്‌ക’ സ്ഥാപനത്തിലൂടെ ലഹരി ഇടപാട് നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പേരാമ്പ്രയിൽ നേരത്തെ ലഹരിക്കേസിൽ അറസ്റ്റിലായ അധ്യാപകനുമായി നിലവിലെ പ്രതികൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബി.ആർ.സി.കളിൽ സമഗ്ര ഓഡിറ്റിന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. എല്ലാ അധ്യാപകരുടെയും യോഗം വിളിച്ചുചേർക്കാനും സ്‌കൂളുകളിലും ഓട്ടിസം കേന്ദ്രങ്ങളിലുമുള്ള രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായം തേടാനും ബ്ലോക്ക് കോർഡിനേറ്റർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സർവശിക്ഷ കേരള സംസ്ഥാന പ്രോജക്ട് ഡയറക്ടറാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.
Story Summary:
Police have expanded the investigation into the Vadakara MDMA case after uncovering financial transactions exceeding ₹1 crore linked to one of the accused. Authorities also plan to seize the accused’s assets while the Education Department has ordered audits in BRCs across the state.


