കൊച്ചി: ഡൽഹി ജന്തർ മന്തറിൽ നടന്ന സി.ജെ.പി വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് നേതാവ് ടി.ജി. മോഹൻദാസ് നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ സംവിധായിക അഞ്ജലി മേനോൻ രംഗത്ത്. മോഹൻദാസിന്റെ വാക്കുകൾ “വൃത്തികെട്ട വിദ്വേഷപ്രചാരണമാണെന്നും” അതിനെ അവഗണിക്കാതെ ശക്തമായി ചോദ്യം ചെയ്യുകയും അപലപിക്കുകയും ചെയ്യണമെന്നും അഞ്ജലി മേനോൻ ആവശ്യപ്പെട്ടു (Anjali Menon criticism TG Mohandas). ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അഞ്ജലി മേനോന്റെ പ്രതികരണം. മോഹൻദാസിന്റെ പരാമർശങ്ങൾ തനിക്ക് കടുത്ത രോഷവും അറപ്പും ഉണ്ടാക്കുന്നുവെന്നും, എന്നാൽ അതിൽ നിന്ന് മുഖം തിരിക്കുന്നതിന് പകരം അതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.
“ഇത് എന്നിൽ കോപം നിറയ്ക്കുന്നു. ഈ വികൃതമായ വാക്കുകളിൽ നിന്ന് തികഞ്ഞ അറപ്പോടെ മുഖം തിരിക്കാനാണ് ആദ്യം തോന്നുന്നത്. എന്നാൽ ഇത് എതിർക്കപ്പെടേണ്ടതാണ്. ഇത് വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണ്,” അഞ്ജലി മേനോൻ കുറിച്ചു.
വിവാദ പരാമർശങ്ങളുടെ ഉത്തരവാദിത്വം അത് പറഞ്ഞ വ്യക്തിക്ക് മാത്രമല്ലെന്നും, അത് റെക്കോർഡ് ചെയ്തവർക്കും യൂട്യൂബിലൂടെ പങ്കുവച്ചവർക്കും ലൈക്ക് ചെയ്തവർക്കും പിന്തുണച്ചവർക്കും ഉത്തരവാദിത്വമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഇത്തരമൊരു ചിന്താഗതിയിലൂടെ ഭാവിയെ രൂപപ്പെടുത്താൻ ശ്രമിക്കുന്ന ‘മാനോസ്ഫിയർ’ സമീപനമാണ് പ്രകടമാകുന്നതെന്നും അഞ്ജലി വിമർശിച്ചു. ഒരാളുടെ വാക്കുകൾ അയാളുടെ ആന്തരിക സ്വഭാവത്തെയും ധാർമിക ബോധത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്നും, അവ മറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്തുകയും പൊതുസ്വഭാവത്തെ നിർവചിക്കുകയും ഭാവിയിലെ പ്രത്യാഘാതങ്ങളിലേക്ക് സൂചന നൽകുകയും ചെയ്യുമെന്നും അവർ അഭിപ്രായപ്പെട്ടു.
“ദയവായി ഇത് അവഗണിക്കരുത്. ഇതിനെ ചോദ്യം ചെയ്യുക. അപലപിക്കുക. വേരോടെ പിഴുതെറിയുക,” അഞ്ജലി മേനോൻ കുറിച്ചു. ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ചശേഷം പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരെ വെടിവെക്കണമെന്നായിരുന്നു ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം. തനിക്ക് സാഹചര്യം നിയന്ത്രിക്കാനുള്ള അധികാരം ലഭിച്ചാൽ നാല് ചതുരശ്ര കിലോമീറ്റർ പരിധിയിൽ കർഫ്യൂ പ്രഖ്യാപിക്കുമെന്നും, ജനക്കൂട്ടത്തോട് മൂന്ന് തവണ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടശേഷം വെടിവെക്കുമെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞിരുന്നു.
വെടിവെപ്പുണ്ടായാൽ ആളുകൾ ചിതറിയോടുമെന്നും, ചിലർ മരിക്കുമെന്നും മറ്റുചിലർക്ക് ഗുരുതരമായി പരിക്കേൽക്കുകയോ അംഗഭംഗം സംഭവിക്കുകയോ ചെയ്യുമെന്നും മോഹൻദാസ് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ഈ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഡൽഹിയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കെതിരെയും ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും മോഹൻദാസ് നടത്തിയതായി പറയപ്പെടുന്ന മറ്റൊരു പരാമർശവും വിവാദമായിരുന്നു. ഈ വിഷയത്തിൽ ടി.ജി. മോഹൻദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Summary: Filmmaker Anjali Menon has strongly criticised RSS leader T.G. Mohandas over his controversial remarks concerning student protesters in Delhi. Calling the comments an extreme form of hate speech, she urged people not to ignore them but to question, condemn and reject such rhetoric.


