അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ 2008-ലെ അഹമ്മദാബാദ് പരമ്പര ബോംബ് സ്ഫോടനക്കേസിൽ 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. കേസിൽ മറ്റ് 11 പ്രതികൾക്ക് പ്രത്യേക കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയും കോടതി ശരിവെച്ചിട്ടുണ്ട്. നിരോധിത ഭീകരസംഘടനയായ ഇന്ത്യൻ മുജാഹിദീൻ (IM) പ്രവർത്തകരായ 49 പ്രതികൾക്കെതിരെയുള്ള പ്രത്യേക കോടതിയുടെ 2022 ഫെബ്രുവരിയിലെ വിധി ചോദ്യം ചെയ്ത് സമർപ്പിച്ച എല്ലാ അപ്പീലുകളും ജസ്റ്റിസുമാരായ എ.വൈ. കോഗ്ജെ, സമീർ ദവെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി.(Ahmedabad Serial Blasts Verdict, Gujarat High Court Upholds Death Sentence Of Thirty Eight Convicts)
ഇന്ത്യൻ ജുഡീഷ്യൽ ചരിത്രത്തിൽ ആദ്യമായാണ് ഒരൊറ്റ കേസിൽ ഇത്രയധികം പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെയ്ക്കുന്നത്. ഇതിനൊപ്പം സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 5 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകാൻ ഗുജറാത്ത് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. 2027 മാർച്ച് 30-നകം ഈ തുക കൈമാറണം. കോടതി ഉത്തരവ് ഉടൻ നടപ്പാക്കുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഹർഷ് സംഘവി വ്യക്തമാക്കി. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിലെ ചരിത്രപരമായ വിധിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2008 ജൂലൈ 26-നാണ് അഹമ്മദാബാദിന്റെ വിവിധ ഭാഗങ്ങളിൽ 70 മിനിറ്റുകൾക്കിടയിൽ 21 സ്ഫോടനങ്ങൾ നടന്നത്. ദുരന്തത്തിൽ 56 പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യ സ്ഫോടനങ്ങളിൽ പരിക്കേറ്റവരെ എത്തിച്ച ആശുപത്രികളെ ലക്ഷ്യമിട്ടും അന്ന് ബോംബാക്രമണം നടന്നിരുന്നു. ഇന്ത്യയിൽ ഒരു ഭീകരാക്രമണത്തിൽ ആശുപത്രികൾ ലക്ഷ്യമിടുന്നത് ഇതാദ്യമായിരുന്നു. അഹമ്മദാബാദിലെ 21 സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട 20 എഫ്ഐആറുകളും, ബോംബുകൾ കണ്ടെത്തിയെങ്കിലും പൊട്ടാതിരുന്ന സൂറത്തിലെ 15 കേസുകളും കൂട്ടിച്ചേർത്താണ് സംയുക്ത വിചാരണ നടത്തിയത്. പ്രത്യേക സിമി നേതാവ് സഫ്ദർ നഗോരി ഉൾപ്പെടെയുള്ള പ്രതികളാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്.
Story Summary
The Gujarat High Court upheld the death sentences of 38 Indian Mujahideen convicts and life imprisonment for 11 others in the 2008 Ahmedabad serial blasts case. The court dismissed all appeals and directed the Gujarat government to pay a compensation of ₹10 lakh to the families of the 56 deceased and ₹5 lakh to the grievously injured before March 2027.

