തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയെ തകർക്കാൻ ഒരു ലോബി കാലങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആരോപിച്ചു. സർക്കാർ ആശുപത്രികളെ സ്വകാര്യവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സർക്കാർ ആശുപത്രികളിൽ വികസന പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതി സ്വകാര്യ മേഖലയിൽ മാത്രം നടപ്പിലാക്കുമെന്ന പ്രചരണവും അടിസ്ഥാനരഹിതമാണ്.(Health Minister K Muraleedharan Addresses Shigella Outbreak And Healthcare Reforms)
സംസ്ഥാനത്ത് ഇതുവരെ 126 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചതായി മന്ത്രി അറിയിച്ചു. കോഴിക്കോട് രോഗബാധയുണ്ടായ മൂന്ന് കുട്ടികളിൽ രണ്ടുപേരെ ഡിസ്ചാർജ് ചെയ്തു. ബത്തേരിയിലെ പ്രാഥമിക പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കൂടുതൽ പരിശോധനകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് കർശന നടപടികളിലേക്ക് കടക്കുകയാണ്. ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് മന്ത്രി നിർദ്ദേശിച്ചു. ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധനകൾ കൂടുതൽ ശക്തമാക്കും. സംഭവം റിപ്പോർട്ട് ചെയ്ത സ്കൂളിലെ കുഴൽക്കിണറിലെ വെള്ളം സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, സ്കൂളിലെ പ്രധാന കിണറിന്റെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല. നിലവിലെ സാഹചര്യത്തിൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Story Summary
Health Minister K. Muraleedharan has dismissed allegations of privatizing the government health sector, clarifying that CSR funds from the private sector will be utilized to improve state hospitals. Addressing the recent outbreak of Shigella, with 126 cases reported across the state, the minister urged strict adherence to food safety norms and advised the public to consume only boiled, cooled water.

