തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിന് തുടക്കത്തിൽ തന്നെ സർക്കാരും ലോക്ഭവനും തമ്മിൽ കല്ലുകടി. നിയമസഭയിൽ ഗവർണറെ സ്വീകരിക്കുന്ന ചടങ്ങിനിടെ ‘വന്ദേ മാതരം’ പൂർണ്ണരൂപത്തിൽ വായിക്കണമെന്ന നിർദേശം സർക്കാർ തള്ളി.(Kerala Assembly, Government And Lok Bhavan Face Tensions Over Vande Mataram During Policy Address)
പതിവ് ചടങ്ങുകൾക്കിടെ കേരള പോലീസ് ബാൻഡ് വന്ദേ മാതരത്തിന്റെ ആദ്യ ഭാഗം മാത്രം വായിച്ച് അവസാനിപ്പിച്ചു. എങ്കിലും, നയപ്രഖ്യാപന പ്രസംഗം ആരംഭിച്ച ഗവർണർ അസാധാരണ നടപടികളൊന്നും സ്വീകരിച്ചില്ല. മലയാളത്തിൽ ‘നമസ്കാരം’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. വന്ദേ മാതരം സംബന്ധിച്ച വിഷയത്തിൽ പ്രസംഗവേദിയിൽ വെച്ച് അദ്ദേഹം യാതൊരു പരാമർശവും നടത്തിയില്ല. വരും ദിവസങ്ങളിൽ സർക്കാരും ലോക്ഭവനും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
സംസ്ഥാനത്ത് അഴിമതിരഹിതവും സുതാര്യവുമായ ഭരണനിർവ്വഹണം ഉറപ്പാക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ഭരണ സംവിധാനത്തിന് വേഗതയും കാര്യക്ഷമതയും കൈവരുത്തുമെന്നും, സേവന മേഖലയിൽ നിന്ന് സർക്കാർ പിന്മാറില്ലെന്നും പ്രസംഗത്തിൽ വ്യക്തമാക്കുന്നു. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്ക പങ്കുവെച്ച സർക്കാർ, പുതുയുഗ കേരളം കെട്ടിപ്പടുക്കാനുള്ള പരിശ്രമങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും പ്രഖ്യാപിച്ചു.
സർക്കാർ വാഗ്ദാനം ചെയ്ത ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതികൾ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി വയോജന സംരക്ഷണത്തിനായുള്ള പ്രത്യേക വകുപ്പ് രൂപീകരിക്കാൻ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കും. കേന്ദ്രസർക്കാരുമായി പരമാവധി സഹകരിച്ചു പ്രവർത്തിക്കുമെന്നും അർഹമായ വിഹിതം കേന്ദ്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. വനിതാ കർഷകരുടെ കൺസോർഷ്യം ഈ വർഷം തന്നെ യാഥാർത്ഥ്യമാക്കും. മണ്ണ് പരിശോധനയ്ക്ക് ശാസ്ത്രീയ സംവിധാനങ്ങളും സുഗന്ധവ്യഞ്ജന പാർക്കുകളും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കും. റോഡ്, ജല, വ്യോമ ഗതാഗത സംവിധാനങ്ങളെ കോർത്തിണക്കി ബൃഹദ് പദ്ധതികൾ ആവിഷ്കരിക്കും. മനുഷ്യ-മൃഗ സംഘർഷം രൂക്ഷമായ മേഖലകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. മതനിരപേക്ഷതയ്ക്ക് വലിയ പ്രാധാന്യം നൽകുമെന്നും, ഉദ്യോഗസ്ഥ തലത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും സർക്കാർ നയം വ്യക്തമാക്കുന്നു.
തീയറ്റർ മേഖലക്ക് പ്രോത്സാഹനം നൽകും. രാജ്യാന്തര ചലച്ചിത്രമേള മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കും. തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ആസ്ഥാനങ്ങളാക്കും. എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വൺ സീറ്റ് അനുവദിക്കുമെന്നും ഗവർണറുടെ പ്രസംഗത്തിൽ വ്യക്തമാക്കി.
Story Summary
Tensions flared during the UDF government’s first policy address in the Kerala Assembly after the state government ignored a directive from the Lok Bhavan to play the full version of ‘Vande Mataram’. Although the Governor maintained composure and began his speech in Malayalam, the breach of protocol has raised concerns regarding future relations between the government and the Lok Bhavan.

