ബെയ്റൂട്ട്: വെടിനിർത്തൽ കരാറുകൾ നിലനിൽക്കെ ലബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ സൈന്യം. ലബനനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ടൈറിലും സമീപ ഗ്രാമങ്ങളിലും ഉള്ളവരോട് അടിയന്തരമായി ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ ഇസ്രായേൽ വ്യോമസേന മേഖലയിൽ കനത്ത ബോംബാക്രമണം ആരംഭിച്ചു (Israeli Air Strike Tyre Lebanon). ടൈറിലെ ഹിസ്ബുള്ള ആസ്ഥാനം ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേൽ അവകാശപ്പെടുമ്പോൾ, ഭൂരിഭാഗം ജനങ്ങളും അധിവസിക്കുന്ന നഗരപ്രദേശങ്ങളെ ഉൾപ്പെടുത്തിയാണ് ഇസ്രായേൽ സൈന്യം ഒഴിപ്പിക്കൽ ഭൂപടം പുറത്തുവിട്ടത്. അതിർത്തിയിൽ നിന്ന് 40 കിലോമീറ്റർ വടക്കുള്ള സഹ്റാനി നദിക്ക് തെക്കുള്ള എല്ലാ പ്രദേശങ്ങളും യുദ്ധമേഖലയായി പ്രഖ്യാപിച്ച ഇസ്രായേൽ, ജനങ്ങളോട് ഉടനടി വടക്കോട്ട് മാറാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഹിസ്ബുള്ള വെടിനിർത്തൽ കരാർ ലംഘിക്കുന്നതിനാലാണ് തങ്ങൾ ശക്തമായ സൈനിക നടപടി സ്വീകരിക്കുന്നതെന്നാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് നൽകുന്ന വിശദീകരണം.
വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിക്കുന്ന വേളയിലാണ് ലബനനെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഇസ്രായേൽ ഈ ക്രൂരമായ ആക്രമണം നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലബനന്റെ തെക്കൻ-കിഴക്കൻ മേഖലകളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഒരു ലബനീസ് സൈനികൻ ഉൾപ്പെടെ 31 പേർ കൊല്ലപ്പെടുകയും നാൽപ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കനത്ത കരസേനയെ ലബനനിലേക്ക് ഇറക്കി ഒരു സുരക്ഷാ മേഖല കെട്ടിപ്പടുക്കാനാണ് തങ്ങളുടെ നീക്കമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. അതേസമയം ഇസ്രായേലിന്റെ മെർക്കാവ ടാങ്കുകളും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും തകർത്തുകൊണ്ട് ഹിസ്ബുള്ളയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 2 മുതൽ ആരംഭിച്ച ശക്തമായ യുദ്ധത്തിൽ ഇതുവരെ 3,213 ലബനൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്.
Summary: Israel has intensified its military offensive in Lebanon, launching heavy airstrikes after ordering the forced evacuation of the major coastal city of Tyre and surrounding southern villages. The Israeli military declared all regions south of the Zahrani River as combat zones, forcing thousands of residents to flee northward during the Eid al-Adha holidays. In response, Hezbollah claimed responsibility for multiple operations targeting Israeli tanks and troops as the death toll in Lebanon climbed past 3,200.

