കൊല്ലം: വൃദ്ധനായ ലോട്ടറി വിൽപനക്കാരനെ അജ്ഞാതൻ അതിക്രൂരമായി കൊലപ്പെടുത്തി. കൊല്ലം നഗരമധ്യത്തിൽ ആണ് സംഭവം. മുണ്ടയ്ക്കൽ വെസ്റ്റ് ഊരമ്പള്ളിയിൽ പത്മ വിലാസത്തിൽ രാജേന്ദ്രൻ (65) ആണ് കൊല്ലപ്പെട്ടത്. രാജേന്ദ്രന്റെ കൈവശമുണ്ടായിരുന്ന ബാഗും മൊബൈൽ ഫോണും അക്രമി അപഹരിച്ചിട്ടുണ്ട്.(Kollam lottery vendor murder, Lottery Vendor Brutally Murdered Near Police Commissioner Office Road)
പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് പോകുന്ന റോഡിലെ കാർ എസി വർക്ക്ഷോപ്പിന് മുന്നിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരു മാസമായി ഈ വർക്ക്ഷോപ്പിന് മുന്നിലായിരുന്നു രാജേന്ദ്രൻ രാത്രി ഉറങ്ങിയിരുന്നത്. വർക്ക്ഷോപ്പ് തുറക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.
സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കൊലപാതകത്തിന്റെ നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വെള്ള ഷർട്ടും കൈലിയും ധരിച്ച ഒരാൾ രാജേന്ദ്രൻ കിടന്നിരുന്ന സ്ഥലത്ത് ഏറെ നേരം നിന്നിരുന്നു. തുടർന്ന് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചതോടെ രാജേന്ദ്രൻ ശക്തമായി പ്രതിരോധിക്കുകയും ചെയ്തു. മൽപ്പിടുത്തത്തിനൊടുവിൽ ബോധം നഷ്ടപ്പെട്ട രാജേന്ദ്രന്റെ കഴുത്തിൽ തുണി ചുറ്റി കെട്ടിവലിച്ച് വർക്ക്ഷോപ്പിന് സമീപത്തെ ഇടനാഴിയിലേക്ക് കൊണ്ടുപോയി. തുടർന്ന് മരണം ഉറപ്പാക്കാൻ മുഖത്ത് ക്രൂരമായി ഇടിച്ചു പരുക്കേൽപ്പിച്ചു. അതിനുശേഷം സമീപത്തെ പൈപ്പിൽ മൃതദേഹം കെട്ടിയിട്ടാണ് പ്രതി രക്ഷപ്പെട്ടത്.
Story Summary
A 65-year-old lottery vendor named Rajendran was brutally murdered by an unidentified man near the City Police Commissioner’s office road in Kollam. CCTV footage revealed that the assailant strangled, assaulted, and tied the victim to a pipe before fleeing with his bag and phone in a suspected robbery attempt.

