തിരുവനന്തപുരം: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ ഭരണത്തിലേറുന്ന യുഡിഎഫ്, സർക്കാർ രൂപീകരണ നടപടികൾ അതിവേഗമാക്കുന്നു. തിങ്കളാഴ്ച പൂർണ്ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന പശ്ചാത്തലത്തിൽ, ഘടകകക്ഷികളുമായുള്ള വകുപ്പ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും. നാളെ ഉച്ചയോടെ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണ്ണർക്ക് കൈമാറും. പുതിയ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളും കോൺഗ്രസിന് ലഭിക്കാനാണ് സാധ്യത.(Kerala Cabinet Formation UDF Probable Ministers List And Portfolio Discussions)
കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കോൺഗ്രസ് കൈകാര്യം ചെയ്തിരുന്ന സുപ്രധാന വകുപ്പുകളിൽ ചിലത് ഇത്തവണ ഘടകകക്ഷികൾക്ക് കൈമാറിയേക്കും. എന്നാൽ മുൻപ് കേരള കോൺഗ്രസ് (എം) കൈവശം വെച്ചിരുന്ന ധനകാര്യ വകുപ്പ് ഇത്തവണ കോൺഗ്രസ് തന്നെ ഏറ്റെടുക്കുമെന്നാണ് സൂചന. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഒത്തുതീർപ്പിന് വഴങ്ങിയാൽ അദ്ദേഹത്തിന് ആഭ്യന്തരം പോലുള്ള സുപ്രധാന വകുപ്പ് നൽകേണ്ടി വരും. ചെന്നിത്തലയ്ക്ക് പുറമെ മുതിർന്ന നേതാക്കളായ കെ. മുരളീധരൻ, സണ്ണി ജോസഫ് എന്നിവരും മന്ത്രിസഭയിലുണ്ടാകും.
മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേര് മന്ത്രിസ്ഥാനത്തേക്കും സ്പീക്കർ പദവിയിലേക്കും പരിഗണിക്കുന്നുണ്ട്. വനിതാ പ്രതിനിധികളായി ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവരാണ് ചർച്ചകളിലുള്ളത്. യുവനേതാക്കളായ പി. സി. വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ അല്ലെങ്കിൽ റോജി എം. ജോൺ, എം. വിൻസെന്റ് അല്ലെങ്കിൽ ടി. ജെ. വിനോദ്, എം. ലിജു അല്ലെങ്കിൽ കെ. ജയന്ത് എന്നിവരുടെ പേരുകളും സജീവ പരിഗണനയിലാണ്. കൂടാതെ എ. പി. അനിൽകുമാർ, വി. പി. സജീന്ദ്രൻ, അൻവർ സാദത്ത്, ടി. സിദ്ദിഖ്, ചാണ്ടി ഉമ്മൻ, വി. ടി. ബൽറാം, ഐ. സി. ബാലകൃഷ്ണൻ എന്നിവരെയും വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിഗണിക്കുന്നുണ്ട്.
മറുവശത്ത്, രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകാൻ ഏകദേശ ധാരണയായിട്ടുണ്ട്. മുൻപ് കൈകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസം, വ്യവസായം, ഐടി, നഗരവികസനം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളാണ് ലീഗ് ആവശ്യപ്പെടുന്നത്. പി. കെ. കുഞ്ഞാലിക്കുട്ടി, പി. കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവർ ലീഗ് പ്രതിനിധികളായി മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങളിലേക്ക് കെ. എം. ഷാജി, എ. കെ. എം. അഷറഫ്, പാറയ്ക്കൽ അബ്ദുള്ള എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
Story Summary
The Congress-led UDF is fast-tracking cabinet formation in Kerala, with the complete ministry scheduled to take oath this Monday. Congress is likely to retain 11 ministerial berths, including the Chief Minister post and the Finance portfolio, while IUML is expected to get 5 ministries, with prominent leaders from both parties featured in the probability list.

