തിരുവനന്തപുരം: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും രൂപയുടെ മൂല്യത്തകർച്ചയും നേരിടാൻ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി. ഇറക്കുമതി നിയന്ത്രിക്കുന്നതിലൂടെ വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കാനും ഇന്ത്യൻ രൂപയെ ശക്തിപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.(Gold Import Duty Hike and Government Austerity Measures in India)
പുതിയ നിരക്കുകൾ പ്രകാരം 10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും 5 ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റ് സെസ്സും ഉൾപ്പെടെയാണ് മൊത്തം 15 ശതമാനം നികുതി ഈടാക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ഉണ്ടായ അസ്ഥിരത ഇന്ത്യയെയും ബാധിച്ചതോടെയാണ് സർക്കാർ ഈ കടുത്ത നടപടികളിലേക്ക് നീങ്ങിയത്.
ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള താൽപര്യം വർധിച്ചതോടെ ഗോൾഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം ഈ വർഷം 186 ശതമാനത്തോളം ഉയർന്ന് 20 മെട്രിക് ടണ്ണിലെത്തിയിരുന്നു. ഈ പ്രവണത വ്യാപാര കമ്മി വർധിപ്പിക്കുന്നുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി. നികുതി വർധനവ് സ്വർണക്കള്ളക്കടത്തിന് വീണ്ടും വഴിതുറക്കുമോ എന്ന ആശങ്കയും സാമ്പത്തിക വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് സ്വയം നിയന്ത്രണത്തിന് ആഹ്വാനം ചെയ്തു. വിദേശനാണ്യ ശേഖരം സംരക്ഷിക്കാൻ ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക. പെട്രോൾ, ഡീസൽ ഉപയോഗം പരമാവധി കുറയ്ക്കുക, കാർ പൂളിംഗ് പ്രോത്സാഹിപ്പിക്കുക. അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ മാറ്റിവെക്കുക. വർക്ക് ഫ്രം ഹോം രീതികൾ വീണ്ടും പ്രോത്സാഹിപ്പിക്കുക. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ ആണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത് എന്നാണ് സർക്കാർ പറയുന്നത്.
Story Summary
The Indian government has hiked the import duty on gold and silver to 15% to control trade deficits and bolster foreign exchange reserves amid global economic instability. Following this, Prime Minister Narendra Modi has urged citizens to adopt austerity measures, including reducing gold purchases and fuel consumption, mirroring strategies used during the COVID-19 pandemic.

