തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഡൽഹിയിൽ ലഭിച്ച സ്വീകരണത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ഡൽഹിയിലെത്തിയ പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാനെത്തിയ വിദ്യാർത്ഥികളെ ‘കൂലിക്കാരായ വിദ്യാർത്ഥികൾ’ എന്ന് അധിക്ഷേപിച്ച വി.ആർ. അനൂപിനെതിരെ എൻ.എസ്.യു.ഐ രംഗത്ത്. പ്രവർത്തകരെ അധിക്ഷേപിക്കുന്ന നിലപാടിൽ നിന്ന് വക്താക്കൾ പിന്തിരിയണമെന്ന് എൻ.എസ്.യു.ഐ നേതാവ് മുന്നറിയിപ്പ് നൽകി.(Congress Spokesperson VR Anoop Faces Backlash from NSUI Over Student Remarks)
മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കായി ഡൽഹിയിലെത്തിയ വി.ഡി. സതീശനെ സ്വീകരിക്കാൻ കേരള ഹൗസിൽ എത്തിയ വിദ്യാർത്ഥികളെയാണ് വി.ആർ. അനൂപ് ചാനൽ ചർച്ചയിൽ വിമർശിച്ചത്. ഭക്ഷണവും യാത്രാസൗകര്യവും നൽകി ബസ്സിൽ എത്തിച്ചവരാണ് ഈ വിദ്യാർത്ഥികളെന്നായിരുന്നു അനൂപിന്റെ പരാമർശം. ഇതിനെതിരെയാണ് എൻ.എസ്.യു.ഐ നേതാവ് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.
യു.ഡി.എഫിന്റെ വിജയത്തിന്റെ ആവേശത്തിൽ സ്വയം മുന്നിട്ടിറങ്ങിയ വിദ്യാർത്ഥികളെ കൂലിക്കാരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. രാത്രി ഒന്നര മണിക്കും ആവേശം ഒട്ടും കുറയാതെയാണ് പ്രവർത്തകർ കേരള ഹൗസിൽ എത്തിയത്. അത് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന സാധാരണക്കാരുടെ വികാരമാണ്. നേതാക്കൾക്ക് മണിയടിക്കുന്നവർ അത് രഹസ്യമായി ചെയ്യുക. ചാനൽ ചർച്ചകളിൽ വന്ന് സാധാരണ പ്രവർത്തകരെ ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണം. തങ്ങളുടെ പ്രവൃത്തികൾക്ക് പാർട്ടിയോടുള്ള സ്നേഹം മാത്രമാണ് കാരണമെന്നും നേതൃത്വം ഓർക്കണമെന്നും സി കെ ഷാഹിദ് പറഞ്ഞു.
Story Summary
Internal friction has erupted within the Kerala Congress as NSUI leaders slammed party spokesperson V.R. Anoop for labeling students who welcomed Opposition leader V.D. Satheesan in Delhi as “hired workers.” The student wing emphasized that the turnout was a spontaneous expression of victory celebration and warned party spokespersons to avoid insulting grassroots workers on public platforms.

