തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് നിർണായക ചർച്ചകൾ നടത്തും. നിയുക്ത എംഎൽഎമാരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ ക്രോഡീകരിച്ച എഐസിസി നിരീക്ഷകർ ഇന്ന് മല്ലികാർജുൻ ഖർഗെക്കും രാഹുൽ ഗാന്ധിക്കും റിപ്പോർട്ട് സമർപ്പിക്കും. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കായി അണിയറയിൽ ശക്തമായ ചതുരംഗക്കളിയാണ് നടക്കുന്നത്.(Kerala Chief Minister, High Command To Decide Next Kerala Chief Minister Amid Group Tussle)
ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെ.സി. വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നത്. എംഎൽഎമാരുടെ എണ്ണത്തിൽ വ്യക്തമായ മുൻതൂക്കമുള്ളപ്പോൾ അത് അവഗണിക്കാൻ ഹൈക്കമാൻഡിന് കഴിയില്ലെന്ന് ഇവർ വാദിക്കുന്നു. അതേസമയം, ജനവികാരവും ഘടകകക്ഷികളുടെ പിന്തുണയും തനിക്കൊപ്പമാണെന്ന് വി.ഡി. സതീശൻ വിശ്വസിക്കുന്നു. സതീശന് അനുകൂലമായി സോഷ്യൽ മീഡിയയിൽ ഉയരുന്ന തരംഗം വെറും ‘പിആർ വർക്ക്’ ആണെന്ന് എതിർ വിഭാഗം ആരോപിക്കുമ്പോൾ, ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റിയ പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശന് തന്നെയാണ് മുൻഗണനയെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.
സീനിയോറിറ്റി പരിഗണിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രമേശ് ചെന്നിത്തല. തനിക്കും 20 ലധികം എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ചെന്നിത്തല പക്ഷം അവകാശപ്പെടുന്നു. സമവായത്തിനായി മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലീം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ പ്രസ്താവന യുഡിഎഫിനുള്ളിൽ പുതിയ പോർമുഖം തുറന്നിട്ടുണ്ട്.
Story Summary
The race for Kerala’s Chief Minister post intensifies as AICC observers prepare to submit their report to the High Command today. While K.C. Venugopal and Ramesh Chennithala claim majority support among MLAs, V.D. Satheesan relies on the support of allied parties and public sentiment to secure the leadership.

