ചെന്നൈ: ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ തമിഴ്‌നാട് രാഷ്ട്രീയം അനിശ്ചിതത്വത്തിലേക്ക് (Tamil Nadu Politics). സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ സജീവമായതോടെ സൂപ്പർ താരം രജനികാന്തും മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും നിർണ്ണായക നീക്കങ്ങളുമായി രംഗത്തിറങ്ങി. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എം.കെ. സ്റ്റാലിനെ വീട്ടിലെത്തി ആശ്വസിപ്പിച്ച രജനികാന്ത്, ഇന്നും രാഷ്ട്രീയ ചർച്ചകളിൽ സജീവമാണ്.
മുതിർന്ന ഡിഎംകെ നേതാവ് ഇ.വി. വേലു ഇന്ന് രജനികാന്തിന്റെ പോയസ് ഗാർഡനിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത് വലിയ രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളയിൽ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ രജനികാന്ത് പരസ്യമായി എതിർത്തിരുന്നു.
അതേസമയം, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി ഗവർണറെ കാണാൻ ഒരുങ്ങുന്നതും ചർച്ചകൾക്ക് ചൂടുപിടിപ്പിച്ചു. പുതുച്ചേരിയിലെ റിസോർട്ടിലുള്ള എംഎൽഎമാരെ കണ്ട ശേഷമാകും അദ്ദേഹം ഗവർണറെ സന്ദർശിക്കുക. സ്റ്റാലിന്റെ പരാജയത്തിൽ ഇ.പി.എസ് നിരാശ പ്രകടിപ്പിച്ചതായി എഐഎഡിഎംകെ എംഎൽഎ അൻപഴകൻ വെളിപ്പെടുത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. വിജയ്‌യുടെ ടിവികെയെ തടയാൻ ബദ്ധവൈരികളായ ഡിഎംകെയും എഐഎഡിഎംകെയും ഒന്നിക്കുമോ എന്നതാണ് ഇപ്പോൾ തമിഴകം ഉറ്റുനോക്കുന്നത്. എന്നാൽ ഇത്തരം വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നാണ് ഇരുപാർട്ടികളുടെയും ഔദ്യോഗിക വിശദീകരണം.
Story Summary: Political uncertainty deepens in Tamil Nadu as no party secured a clear majority. Actor Rajinikanth’s meeting with DMK leaders and Edappadi Palaniswami’s strategic moves have fueled rumors of a possible DMK-AIADMK tie-up to counter Vijay’s TVK.

