ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തെ അമ്പരപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്റെ ഉറച്ച കോട്ടയായ കൊളത്തൂരിൽ പിന്നിലായതായി റിപ്പോർട്ട് (Tamil Nadu Assembly Election Result). ആദ്യ റൗണ്ടുകളിലെ സൂചനകൾ പ്രകാരം നടൻ വിജയിന്റെ തമിഴക വെട്രി കഴകം സ്ഥാനാർത്ഥി വി.എസ്. ബാബുവാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
2011 മുതൽ തുടർച്ചയായി മൂന്ന് തവണ സ്റ്റാലിൻ വിജയിച്ച മണ്ഡലമാണ് കൊളത്തൂർ. ഇവിടുത്തെ ആദ്യഘട്ട തപാൽ വോട്ടുകളും ഇവിഎം വോട്ടുകളും എണ്ണിയപ്പോൾ അദ്ദേഹം പിന്നിലായത് ഡിഎംകെ കേന്ദ്രങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വിജയിന്റെ പാർട്ടിയായ ടിവികെയിൽ നിന്ന് മുൻ ഡിഎംകെ നേതാവ് വി.എസ്. ബാബുവാണ് സ്റ്റാലിനെതിരെ മത്സരിക്കുന്നത്. മണ്ഡലത്തിൽ ടിവികെ നടത്തിയ ശക്തമായ പ്രവർത്തനങ്ങൾ വോട്ടായി മാറുന്നതാണ് ആദ്യ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്.
എഐഎഡിഎംകെയുടെ പി. സന്താന കൃഷ്ണൻ, നാം തമിഴർ കക്ഷിയുടെ സൗന്ദരപാണ്ഡ്യൻ എന്നിവരും മണ്ഡലത്തിൽ മത്സരരംഗത്തുണ്ട്. കൊളത്തൂരിൽ സ്റ്റാലിൻ പിന്നിലാണെങ്കിലും, തമിഴ്‌നാട്ടിലുടനീളമുള്ള ലീഡ് നിലയിൽ ഡിഎംകെ സഖ്യം 50-ലധികം സീറ്റുകളിൽ മുന്നേറ്റം തുടരുന്നുണ്ട്. എങ്കിലും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഈ തിരിച്ചടി ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തിലെ ഏറ്റവും വലിയ വാർത്തയായി മാറിക്കഴിഞ്ഞു. ഇവിഎം വോട്ടെണ്ണലിന്റെ കൂടുതൽ റൗണ്ടുകൾ പൂർത്തിയാകുമ്പോൾ സ്റ്റാലിന് ലീഡ് തിരിച്ചുപിടിക്കാനാകുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.
Summary: In a shocking turn of events in the Tamil Nadu Assembly election results, Chief Minister M.K. Stalin is reportedly trailing in his stronghold of Kolathur. Early trends show TVK candidate V.S. Babu leading in the constituency. While the DMK-led alliance is maintaining a lead in over 50 seats across the state, Stalin’s performance in his home turf has emerged as the biggest talking point of the morning.

