തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് അന്തരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബേൺസ് ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.(Mundathikode tragedy, Satheesan passes away; total death toll reaches 15)
സ്ഫോടനത്തിൽ സതീശന് 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. അപകടം നടന്ന ദിവസം മുതൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ തീവ്രപരിചരണം നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തൃശ്ശൂർ പൂരവുമായി ദശാബ്ദങ്ങളായി അഭേദ്യമായ ബന്ധമുള്ള വ്യക്തിത്വമാണ് സതീശൻ. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി തൃശ്ശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് കരാർ സതീശനാണ് നിർവ്വഹിച്ചിരുന്നത്. അച്ഛന്റെ മരണശേഷം കുടുംബപരമായി ലഭിച്ച വെടിക്കെട്ട് നിർമ്മാണ ചുമതല സതീശൻ ഏറ്റെടുക്കുകയായിരുന്നു. മികച്ച വെടിക്കെട്ടുകൾ ഒരുക്കുന്നതിൽ ഇദ്ദേഹം പേരെടുത്തിരുന്നു.
തൃശ്ശൂർ പൂരത്തിന് മുന്നോടിയായി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്നതിനിടെയാണ് മുണ്ടത്തിക്കോടുള്ള പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉഗ്രസ്ഫോടനമുണ്ടായത്. അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചവർക്ക് പുറമെ ആശുപത്രിയിൽ ചികിത്സയിലിരുന്നവരും മരണത്തിന് കീഴടങ്ങിയതോടെയാണ് ആകെ മരണസംഖ്യ 15-ലേക്ക് ഉയർന്നത്.

