തിരുവനന്തപുരം: ഏപ്രിൽ, മെയ് മാസങ്ങളിൽ സംസ്ഥാനത്തെ സ്കൂളുകളിൽ നടത്തുന്ന എല്ലാത്തരം പരിശീലനങ്ങളും രാവിലെ 10.30-ന് മുൻപായി അവസാനിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. കനത്ത ചൂട് കുട്ടികളിൽ നിർജ്ജലീകരണം, ദേഹാസ്വാസ്ഥ്യം, തലചുറ്റൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഇടപെടൽ.(Trainings should end at 10.30 am, Child Rights Commission issues order)
കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ, അംഗങ്ങളായ ഷാജേഷ് ഭാസ്കർ, ഡോ. വിൽസൺ എന്നിവരടങ്ങിയ ഫുൾ ബെഞ്ചിന്റേതാണ് ഉത്തരവ്. കുട്ടികളുടെ കായിക വിനോദങ്ങൾ, എൻ.സി.സി, എസ്.പി.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരേഡുകൾ, അസംബ്ലി, വിനോദയാത്രകൾ എന്നിവ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കണം.
നിലവിലെ ചൂട് കുറയുന്നതുവരെ സ്കൂൾ യൂണിഫോം നിർബന്ധമാക്കരുത്. വിവിധ പരിശീലനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ വസ്ത്രങ്ങൾ ധരിക്കാൻ താൽക്കാലിക അനുമതി നൽകണം. കുട്ടികളെ ഈ കടുത്ത ചൂടിൽ വൈകിട്ട് വരെ പരിശീലനങ്ങളിൽ പങ്കെടുപ്പിക്കുന്നതും യൂണിഫോം ധരിക്കാൻ നിർബന്ധിക്കുന്നതും കടുത്ത ബാലാവകാശ ലംഘനമായി കാണുമെന്ന് കമ്മീഷൻ വ്യക്തമാക്കി.
തിരുവനന്തപുരം, മലപ്പുറം സ്വദേശികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.പി.സി സ്റ്റേറ്റ് നോഡൽ ഓഫീസർ, എൻ.സി.സി അഡീഷണൽ ഡയറക്ടർ ജനറൽ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചീഫ് കമ്മീഷണർ എന്നിവർ ഉത്തരവ് നടപ്പിലാക്കാൻ ബാധ്യസ്ഥരാണ്. സ്വീകരിച്ച നടപടികളെക്കുറിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

