തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. എള്ളുവിള സ്വദേശി രാഹുൽ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.(Man was stabbed to death with a key in Trivandrum, An argument in the bar resulted in murder)
ബാറിൽ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാഹുലും പ്രതിയും തമ്മിൽ ബാറിനുള്ളിൽ വെച്ച് വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് പുറത്തിറങ്ങിയ ശേഷവും തർക്കം തുടർന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. തർക്കത്തിനിടെ കൈവശമുണ്ടായിരുന്ന താക്കോൽ കൊണ്ട് പ്രതി രാഹുലിന്റെ വാരിയെല്ലിന് താഴെയായി ആഴത്തിൽ കുത്തുകയായിരുന്നു.
പരിക്കേറ്റ രാഹുലിനെ ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. മരിച്ച രാഹുലുമായി ഒന്നിലധികം പേർ തർക്കത്തിലേർപ്പെടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. രാത്രി 10.45-ഓടെയാണ് അക്രമം നടന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

