ഇടുക്കി : നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ കേരളത്തിൽ ചർച്ചയായ ‘വനവാസം’ പ്രയോഗത്തെ തമാശരൂപേണ നേരിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വാഗമണ്ണിൽ പുതുതായി ആരംഭിച്ച ‘വനവാസം’ എന്ന റിസോർട്ടിന്റെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിച്ചു. വോട്ടെണ്ണൽ ഫലം യു.ഡി.എഫിന് അനുകൂലമല്ലെങ്കിൽ താൻ വനവാസത്തിന് പോകുമെന്ന് നേരത്തെ സതീശൻ പറഞ്ഞിരുന്നു. ഇത് വോട്ടെടുപ്പിന് ശേഷം വലിയ രീതിയിൽ ട്രോളുകൾക്ക് വഴിവെച്ചിരുന്നു.(VD Satheesan inaugurates the resort named Vanavasam amid trolls )
ഇടുക്കിയിലെ പരുന്തുംപാറ സന്ദർശനത്തിനിടെ, വനവാസത്തിലാണ്, പക്ഷേ നിങ്ങൾ ഉദ്ദേശിച്ചതിനല്ല എന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അതേ പേരുള്ള റിസോർട്ട് തന്നെ അദ്ദേഹം ഉദ്ഘാടനം ചെയ്തത്. മലപ്പുറം വാൽപ്പാറ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾക്ക് ചടങ്ങിൽ കർശന വിലക്കേർപ്പെടുത്തിയിരുന്നു.
ഉദ്ഘാടനത്തിന് ശേഷം നിശ്ചയിച്ചിരുന്ന ട്രക്കിംഗ് ഉൾപ്പെടെയുള്ള പരിപാടികൾ പ്രതിപക്ഷ നേതാവ് ഒഴിവാക്കി. വനവാസത്തിന് എത്തിയതാണെങ്കിലും ഇത് തിരഞ്ഞെടുപ്പിന് ശേഷമുള്ള വനവാസമല്ലെന്ന് അദ്ദേഹം പ്രസംഗത്തിൽ തമാശയായി സൂചിപ്പിച്ചു. ഉദ്ഘാടനത്തിന് ശേഷം ഉടൻ തന്നെ അദ്ദേഹം മലപ്പുറത്തേക്ക് തിരിച്ചു.

