ന്യൂയോർക്ക്: യുഎസിൽ നിയമവിരുദ്ധമായി താമസിച്ച് വാണിജ്യ ട്രക്കുകൾ ഓടിച്ചിരുന്ന മുപ്പതോളം ഇന്ത്യൻ പൗരന്മാരെ ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തു. ‘ഓപ്പറേഷൻ ചെക്ക്മേറ്റ്’ (Operation Checkmate) എന്ന പേരിൽ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലായത് (Indian Truck Drivers US Deportation). മെയ് 11 മുതൽ 15 വരെയുള്ള വാരത്തിൽ അരിസോണയിലെ യൂമ സെക്ടറിൽ നിന്നുള്ള ബോർഡർ പട്രോളിംഗ് ഏജന്റുമാർ അനധികൃതമായി രാജ്യത്ത് കഴിഞ്ഞിരുന്ന 52 പേരെയാണ് പിടികൂടിയത്. ഇതിൽ സെമി-ട്രക്കുകൾ ഓടിച്ചിരുന്ന 36 പേരിൽ 30 പേരും ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് അധികൃതർ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ബാക്കിയുള്ള ആറ് പേർ മെക്സിക്കോ, എൽ സാൽവഡോർ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
പിടിയിലായവരിൽ ഭൂരിഭാഗം പേർക്കും കാലിഫോർണിയ, ന്യൂയോർക്ക്, വാഷിംഗ്ടൺ, വെർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസുകൾ ഉണ്ടായിരുന്നുവെങ്കിലും ചിലർക്ക് യാതൊരുവിധ രേഖകളും ഉണ്ടായിരുന്നില്ല. മുൻ ജോ ബൈഡൻ ഭരണകൂടത്തിന്റെ കാലത്ത് ഇവർക്ക് ലഭിച്ച തൊഴിൽ അനുമതി രേഖകളുടെ കാലാവധി ഇതിനകം അവസാനിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫെഡറൽ നിയമപ്രകാരം ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയതായും ഇവരെ ഉടൻ തന്നെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃതമായി വാണിജ്യ വാഹനങ്ങൾ ഓടിക്കുന്നവരെ കണ്ടെത്തുന്നതിനുമായാണ് ഓപ്പറേഷൻ ചെക്ക്മേറ്റ് നടപ്പിലാക്കിയത്.
അനധികൃതമായി രാജ്യത്ത് തങ്ങുന്ന ഇത്തരം ഡ്രൈവർമാർ പൊതു സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും റോഡപകടങ്ങൾ തടയുന്നതിനായി കർശന പരിശോധനകൾ തുടരുമെന്നും യൂമ സെക്ടർ ആക്ടിംഗ് ചീഫ് പെട്രോൾ ഏജന്റ് ഡസ്റ്റിൻ കോഡിൽ വ്യക്തമാക്കി. നിലവിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കീഴിൽ യോഗ്യതയില്ലാത്ത വിദേശ ഡ്രൈവർമാർ വാണിജ്യ ട്രക്കുകളും ബസുകളും ഓടിക്കുന്നതിനുള്ള ലൈസൻസ് നേടുന്നത് തടയാൻ ഗതാഗത വകുപ്പ് കർശന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎസിൽ ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാർ ഉൾപ്പെട്ട നിരവധി മാരകമായ റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഈ കർശന നടപടി.
Summary: About 30 Indian nationals working illegally as commercial truck drivers have been arrested in the US and face imminent deportation. They were among 52 individuals detained during “Operation Checkmate,” a federal enforcement action conducted by the US Border Patrol’s Yuma Sector in Arizona. Officials noted that many drivers held invalid employment documents from the previous administration, prompting stricter implementation of transportation and immigration laws under the current Trump administration.

