ന്യൂഡൽഹി: ഇന്ത്യയിൽ 180 ദിവസത്തിൽ കൂടുതൽ തങ്ങാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്കായുള്ള രജിസ്ട്രേഷൻ നിയമങ്ങൾ കേന്ദ്ര സർക്കാർ പരിഷ്കരിച്ചു. മുൻപ് 180 ദിവസം പൂർത്തിയാക്കി 14 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്താൽ മതിയായിരുന്ന സ്ഥാനത്ത്, ഇനി മുതൽ 180 ദിവസത്തെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ വിദേശികൾ നിർബന്ധമായും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നാണ് പുതിയ നിർദ്ദേശം (India Revises Foreigners Registration Rules). 180 ദിവസവോ അതിൽ കുറവോ കാലാവധിയുള്ള വിസയിൽ ഇന്ത്യയിലെത്തുകയും പിന്നീട് താമസം നീട്ടാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്കും, ഓരോ സന്ദർശനത്തിലും പരമാവധി 180 ദിവസം വരെ തങ്ങാം എന്ന നിബന്ധനയുള്ള ദീർഘകാല വിസ കൈവശമുള്ളവർക്കും ഈ പുതിയ നിയമം ബാധകമായിരിക്കും. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് റൂൾസ് 2025-ൽ വരുത്തിയ ഭേദഗതികളിലൂടെയാണ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. അനുവദിക്കപ്പെട്ട സമയപരിധിക്കുശേഷമുള്ള രജിസ്ട്രേഷൻ ഇനി മുതൽ അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ അനുവദിക്കൂ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
വിദേശ പൗരന്മാരായ മാതാപിതാക്കൾക്ക് ഇന്ത്യയിൽ ജനിക്കുന്ന കുട്ടികളുടെ രജിസ്ട്രേഷനിലും പുതിയ ഭേദഗതിയിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ നിയമപ്രകാരം കുട്ടി ജനിച്ച് 30 ദിവസത്തിനുള്ളിൽ അധികൃതരെ വിവരമറിയിക്കണമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനാവുകയും കുട്ടിക്ക് ഇന്ത്യൻ പൗരത്വം നിലനിർത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ ഈ 30 ദിവസത്തെ ഇലക്ട്രോണിക് അറിയിപ്പ് ബാധകമായിരിക്കില്ല. അതേസമയം, ഇന്ത്യയിൽ താമസിക്കുന്നതിനിടയിൽ കുട്ടി മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുകയാണെങ്കിൽ, പൗരത്വ മാറ്റം സംഭവിച്ച് 30 ദിവസത്തിനുള്ളിൽ മാതാപിതാക്കൾ രജിസ്ട്രേഷൻ ഓഫീസറെ വിവരമറിയിക്കണം. ഇതുകൂടാതെ, വിദേശികൾക്ക് താമസമോ ചികിത്സയോ നൽകുന്ന ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, മറ്റ് മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള റിപ്പോർട്ടിംഗ് നടപടിക്രമങ്ങളിലും ഭരണപരമായ ചട്ടങ്ങളിലും പുതിയ ഭേദഗതിയിലൂടെ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
Summary: The Indian government has revised registration rules for foreign nationals planning to stay in the country for more than 180 days. Under the amended Immigration and Foreigners Rules 2025, foreigners must now complete their registration before the 180-day threshold expires, rather than after. The updated regulations also introduce new guidelines for children born to foreign parents in India and streamline reporting procedures for medical institutions accommodating foreigners.

