തിരുവനന്തപുരം: ഇന്ധനവില അനിയന്ത്രിതമായി വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും, അതിനെതിരെ തികഞ്ഞ മൗനം പാലിക്കുന്ന സംസ്ഥാനത്തെ പുതിയ യു.ഡി.എഫ് സർക്കാരിന്റെ നിലപാടുകൾക്കെതിരെയും വരുന്ന ജൂൺ 4 വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (CPI M fuel price hike protest Kerala). സംസ്ഥാനത്തെ എല്ലാ ജില്ലാ – ഏരിയാ കേന്ദ്രങ്ങളിലെയും കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും തിരഞ്ഞെടുക്കപ്പെട്ട മറ്റ് പ്രധാന കേന്ദ്രങ്ങളിലുമായിരിക്കും ജനകീയ പ്രതിഷേധം നടക്കുക.
രാജ്യത്ത് സാധാരണക്കാരെ പിഴിഞ്ഞൂറ്റിക്കൊണ്ട് ഇന്ധനവില വലിയ തോതിലാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മെയ് 15 മുതൽ 25 വരെയുള്ള വെറും 11 ദിവസത്തിനിടെ മാത്രം നാല് തവണയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില കൂട്ടിയത്. ഏഴര രൂപയുടെ ഭീമമായ വർദ്ധനവാണ് ഈ കുറഞ്ഞ ദിവസങ്ങളിൽ മാത്രം ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിച്ചത്. മുൻപ് അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണയ്ക്ക് (Crude Oil) വില കുത്തനെ കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതിരിക്കാൻ കേന്ദ്ര സർക്കാർ നികുതി കൂട്ടി പകൽക്കൊള്ള നടത്തി. ഇപ്പോൾ ലോകവിപണിയിൽ വില കൂടിയെന്ന കള്ളം പറഞ്ഞ് ജനങ്ങളുടെ മേൽ വീണ്ടും അധിക ഭാരം ഏൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്- എംവി ഗോവിന്ദൻ പറഞ്ഞു.
സതീശൻ ഭരണത്തിലെത്തി രണ്ടാഴ്ച; സമരം മറന്ന് മൗനിയായി
കേന്ദ്രത്തിന്റെ ഈ കൊള്ളയ്ക്ക് കേരളത്തിലെ യു.ഡി.എഫ് സർക്കാരും പൂർണ്ണമായി കൂട്ടുനിൽക്കുകയാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ഇപ്പോഴത്തെ ഈ വില വർദ്ധനവിലൂടെ മാത്രം വിൽപ്പന നികുതിയിനത്തിൽ ലിറ്ററിന് 2 രൂപയിലധികം അധിക വരുമാനം സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്ക് ഒഴുകിയെത്തും. മുൻപ് എൽ.ഡി.എഫ് ഭരിക്കുന്ന കാലത്ത് ഇന്ധന നികുതി വരുമാനം വേണ്ടെന്ന് വെക്കണമെന്ന മുദ്രാവാക്യമുയർത്തി കന്റോൺമെന്റ് ഹൗസിൽ നിന്ന് സൈക്കിൾ ചവിട്ടി നിയമസഭയിൽ വന്ന് സമരം ചെയ്ത വ്യക്തിയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ. എന്നാൽ അദ്ദേഹം ഭരണത്തിലെത്തി വെറും രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണ വില കൂട്ടിയിട്ടും കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടാതെ മൗനിയായി തുടരുകയാണ്. കഴിഞ്ഞ 2018-ൽ സമാനമായി ഇന്ധനവില കൂടിയപ്പോൾ ജനങ്ങളെ സഹായിക്കാൻ തങ്ങൾക്ക് ലഭിച്ച അധിക വരുമാനം വേണ്ടെന്ന് വച്ച ഇടത് സർക്കാരിന്റെ മാതൃക ജനങ്ങൾ മറക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ സങ്കീർണ്ണ പ്രശ്നങ്ങൾ യു.ഡി.എഫ് സർക്കാർ പുറത്തിറക്കിയ തങ്ങളുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ (Policy Address) പോലും ഉൾപ്പെടുത്താൻ ഭയന്നു. കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരെ നയപ്രഖ്യാപനത്തിൽ ഒരക്ഷരം പറയാൻ ഈ സർക്കാർ തയ്യാറാകാത്തത് വഴി അവർ കേന്ദ്ര നയത്തെ അന്ധമായി പിന്തുണയ്ക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണ്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പേര് പറഞ്ഞാണ് വിലക്കയറ്റത്തെ കേന്ദ്രം ന്യായീകരിക്കുന്നത്. എന്നാൽ അമേരിക്കൻ സാമ്രാജ്യത്വത്തിന് കീഴടങ്ങിയ മോദി സർക്കാർ, റഷ്യയിൽ നിന്ന് വിലകുറച്ച് എണ്ണ വാങ്ങുന്നതിന് അമേരിക്ക തടസ്സം നിന്നപ്പോൾ അത് അനുസരിക്കുകയാണ് ചെയ്തത്. ഇറാനിൽ നിന്നുള്ള ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി നിർത്തിവെച്ചതും ഈ ദാസനയത്തിന്റെ ഭാഗമാണ്.
റേഷൻ വിതരണം താളംതെറ്റി, വിലക്കയറ്റത്തിൽ കേരളം ഒന്നാമത്
ഇന്ധനത്തിന് പുറമെ എൽ.പി.ജി (LPG) സിലിണ്ടറുകളുടെ വില വർദ്ധനവും ജനങ്ങളെ നടുക്കുകയാണ്. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ 4 മാസം കൊണ്ട് 1,544 രൂപയാണ് വർദ്ധിച്ചത്. ഇത് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വലിയ വിലക്കയറ്റത്തിന് കാരണമായി. ടാക്സി, ഓട്ടോ, ചരക്ക് ഗതാഗത മേഖലകളെയും സ്വകാര്യ ബസ് സർവീസുകളെയും ഇത് തകർച്ചയിലേക്ക് നയിച്ചു. ചരക്കുകൂലി വർദ്ധിച്ചതോടെ വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഗാർഹിക സിലിണ്ടറിന്റെ വില കഴിഞ്ഞ മാർച്ചിൽ 60 രൂപയാണ് വർദ്ധിപ്പിച്ചത്. സബ്‌സിഡി തുക അക്കൗണ്ടിൽ വരുമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ച ബി.ജെ.പി സർക്കാർ ഇപ്പോൾ സബ്‌സിഡി പൂർണ്ണമായി നിർത്തലാക്കി.
ഇതിനെല്ലാം പുറമെ സംസ്ഥാനത്ത് റേഷൻ വിതരണവും പൂർണ്ണമായി താളം തെറ്റിയിരിക്കുകയാണ്. പാവപ്പെട്ടവർക്ക് രണ്ട് മാസം ഒന്നിച്ച് ഭക്ഷ്യധാന്യം നൽകുന്ന പദ്ധതി സതീശൻ സർക്കാർ അധികാരത്തിൽ വന്നയുടൻ ഉപേക്ഷിച്ചു. നീല കാർഡ് ഉടമകൾക്കുള്ള അധിക അരിയും നിർത്തലാക്കി. ഇത്തരം ജനദ്രോഹ നയങ്ങളുടെ ഫലമായി കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും കടുത്ത വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. ദേശീയ ശരാശരിയേക്കാൾ ഉയർന്ന നിരക്കിലാണ് കേരളത്തിൽ ഇപ്പോൾ വിലക്കയറ്റ തോത് (Inflation rate) വർദ്ധിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഈ ജനവിരുദ്ധ കൂട്ടുകെട്ടിനെതിരെ ഒറ്റക്കെട്ടായി ജനങ്ങൾ പ്രതികരിക്കണമെന്നും വ്യാഴാഴ്ച നടക്കുന്ന പ്രക്ഷോഭത്തിന് എല്ലാവരുടെയും പിന്തുണ വേണമെന്നും എം.വി. ഗോവിന്ദൻ ആഹ്വാനം ചെയ്തു.
Story Summary: CPI(M) State Secretary M.V. Govindan announced a state-wide protest on June 4 (Thursday) against the Central Government’s fuel price hike and the silence of the newly formed UDF Government led by V.D. Satheesan. He accused the state government of pocketing additional revenue from the price hike.

