വാഷിംഗ്ടൺ: അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപും മുൻ പ്രസിഡന്റും വ്യവസായിയുമായ ഡൊണാൾഡ് ട്രംപും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് മുൻ ബ്രസീലിയൻ മോഡൽ അമാൻഡ ഉംഗാരോ നടത്തിയ വെളിപ്പെടുത്തലുകൾ അന്താരാഷ്ട്ര തലത്തിൽ വൻ വിവാദമാകുന്നു (How Melania Met Trump Leaked Audio Clip). 1998-ൽ ന്യൂയോർക്കിലെ കിറ്റ് കാറ്റ് ക്ലബ്ബിൽ വെച്ച് ഇറ്റാലിയൻ-അമേരിക്കൻ വ്യവസായിയും മോഡലിംഗ് ഏജന്റുമായ പൗലോ സാംപോളി വഴിയാണ് താൻ ട്രംപിനെ പരിചയപ്പെട്ടതെന്ന മെലാനിയയുടെ ഔദ്യോഗിക വിശദീകരണത്തെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് അമാൻഡയുടെ ആരോപണം.
മെലാനിയയെ ട്രംപിന് പരിചയപ്പെടുത്തിയത് പൗലോ സാംപോളി അല്ലെന്നും മറിച്ച് അന്താരാഷ്ട്ര തലത്തിൽ കുപ്രസിദ്ധി നേടിയ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ ആണെന്നുമാണ് അമാൻഡ വാട്സ്ആപ്പ് ഓഡിയോ സന്ദേശത്തിലൂടെ അവകാശപ്പെടുന്നത്. അമാൻഡയുടെ എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെടുകയും പിന്നീട് നീക്കം ചെയ്യപ്പെടുകയും ചെയ്ത ഈ വോയ്‌സ് ക്ലിപ്പ് അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. തന്റെ മുൻ പങ്കാളിയും ട്രംപിന്റെ അടുത്ത അനുയായിയുമായ പൗലോ സാംപോളി കള്ളം പറയുകയാണെന്ന് അമാൻഡ ആരോപിക്കുന്നു. തങ്ങൾ ഒന്നിച്ച് ജീവിച്ചിരുന്ന 20 വർഷക്കാലവും മെലാനിയയെ ട്രംപിന് പരിചയപ്പെടുത്തിയത് താനല്ലെന്നും അത് ജെഫ്രി എപ്സ്റ്റീൻ ആണെന്നും പൗലോ തന്നോട് സമ്മതിച്ചിരുന്നതായി അമാൻഡ ഓഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
ദീർഘകാലത്തെ ബന്ധത്തിന് ശേഷം 2021-ൽ വേർപിരിഞ്ഞ ഇരുവരും നിലവിൽ കുട്ടിയുടെ സംരക്ഷണാവകാശത്തിനായി വലിയ നിയമപോരാട്ടത്തിലാണ്. 2025 ഒക്ടോബറിൽ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 41-കാരിയായ അമാൻഡ, സാംപോളി തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് തന്നെ നാടുകടത്തിയതെന്ന് ആരോപിക്കുന്നു. കൂടാതെ 2002-ൽ തന്റെ 17-ാം വയസ്സിൽ ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്നും അന്ന് അവിടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കണ്ടിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
അതേസമയം അമാൻഡ ഉംഗാരോയുടെ ആരോപണങ്ങൾ പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് പൗലോ സാംപോളി പ്രതികരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാതൃകാപരമായ പ്രഥമ വനിതയെക്കുറിച്ച് ഇത്തരത്തിലുള്ള ക്രൂരമായ നുണകളും ഗൂഢാലോചനകളും പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണെന്നും അമാൻഡയ്ക്ക് അടിയന്തിരമായി മാനസിക ചികിൽസയാണ് ആവശ്യമെന്നും അദ്ദേഹം പരിഹസിച്ചു. അമാൻഡ പുറത്തുവിടുന്ന ഭൂരിഭാഗം ഉള്ളടക്കങ്ങളും നിർമ്മിത ബുദ്ധി ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചതാണെന്നും ഇതിനെതിരെ തങ്ങളുടെ ലീഗൽ ടീം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും സാംപോളി എക്സിൽ കുറിച്ചു. നിലവിൽ പുറത്തുവന്ന ഈ ഗുരുതരമായ ആരോപണങ്ങളോട് വൈറ്റ് ഹൗസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Summary: Leaked audio recordings from former Brazilian model Amanda Ungaro have disputed US First Lady Melania Trump’s official account of how she first met Donald Trump. Ungaro alleges that notorious figure Jeffrey Epstein, rather than modeling agent Paolo Zampolli, introduced Melania to the billionaire businessman in New York. While Zampolli has vehemently denied the claims as AI-manipulated lies and defended the First Lady, the White House has yet to issue an official response.

