ന്യൂഡൽഹി: മോദി സർക്കാരിന്റെ പുതിയ മന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിൽ നിന്ന് പുതിയൊരു കേന്ദ്രമന്ത്രി കൂടി ഉണ്ടാകാൻ സാധ്യതയേറുന്നതായി റിപ്പോർട്ടുകൾ (Union Cabinet Reshuffle Kerala BJP). നിലവിൽ കേന്ദ്രമന്ത്രിയായ ജോർജ് കുര്യന്റെ രാജ്യസഭാ കാലാവധി പൂർത്തിയാകുന്ന പശ്ചാത്തലത്തിൽ അദ്ദേഹം പദവിയിൽ തുടരുമോ എന്ന കാര്യത്തിൽ വ്യക്തത വരാനിരിക്കെയാണ് കേരളത്തിന് പുതിയ പ്രാതിനിധ്യം നൽകാൻ ബിജെപി കേന്ദ്ര നേതൃത്വം ഒരുങ്ങുന്നത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടി ചരിത്ര വിജയം കൈവരിച്ച കേരളത്തോട് പ്രത്യേക പരിഗണന നൽകാനാണ് പാർട്ടി തീരുമാനം. സി. സദാനന്ദൻ മാസ്റ്റർ, കെ. സുരേന്ദ്രൻ, അനൂപ് ആന്റണി, അനിൽ ആന്റണി എന്നിവരുടെ പേരുകളാണ് നിലവിൽ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുള്ളതെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ.
നിലവിൽ രാജ്യസഭാംഗമായ സി. സദാനന്ദൻ മാസ്റ്റർക്ക്, പാർട്ടിക്കായി വലിയ ത്യാഗങ്ങൾ സഹിച്ച മുതിർന്ന നേതാവ് എന്ന പരിഗണനയും അണികൾക്കിടയിലെ വൈകാരിക സ്വാധീനവും ഏറെ അനുകൂല ഘടകങ്ങളാണ്. മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയും സജീവമായി മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ട്. ക്രൈസ്തവ വോട്ടുകൾ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞതും കേന്ദ്ര നേതൃത്വവുമായുള്ള അടുത്ത ബന്ധവും പരിഗണിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും യുവനേതാവുമായ അനൂപ് ആന്റണിക്കും സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. ഇവർക്കൊപ്പം കേന്ദ്ര നേതൃത്വത്തിൽ ശക്തമായ സ്വാധീനമുള്ള ദേശീയ വക്താവ് അനിൽ ആന്റണിയും പട്ടികയിലുണ്ട്. ഇവരിൽ ആർക്കാകും കേന്ദ്രമന്ത്രിസഭയിലേക്ക് നറുക്കുവീഴുകയെന്ന കടുത്ത ആകാംഷയിലാണ് കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങൾ.
Summary: A fresh cabinet reshuffle in the central government might bring a new Union Minister from Kerala as the BJP looks to increase the state’s representation. Following the party’s historic win of three seats in the recent assembly elections, names like C. Sadanandan Master, K. Surendran, Anoop Antony, and Anil Antony are being strongly considered. The political circles in Kerala are eagerly waiting to see who will secure the ministerial berth as Rajya Sabha MP George Kurian’s term nears completion.

