തിരുവനന്തപുരം: കേരളത്തിൽ ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പാലക്കാട് ജില്ലയിൽ താപനില 40°C വരെയും കൊല്ലത്ത് 39°C വരെയും ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.(Severe heat in the state, Yellow alert in 12 districts; Health Minister issues warning )
സംസ്ഥാനത്തെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്: 40°C, കൊല്ലം: 39°C, കോട്ടയം: 38°C, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്: 37°C, തിരുവനന്തപുരം: 36°C എന്നിങ്ങെനയാണിത്. സാധാരണയേക്കാൾ 2 മുതൽ 3°C വരെ ചൂട് കൂടാനാണ് സാധ്യത. ഉയർന്ന ആർദ്രത കാരണം മലയോര മേഖലകളിലൊഴികെ അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥ തുടരും.
ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ ‘ഹീറ്റ് ഹെൽത്ത് ആക്ഷൻ പ്ലാൻ’ ആവിഷ്കരിച്ചതായി മന്ത്രി അറിയിച്ചു. പ്രധാന ആശുപത്രികളിലെല്ലാം പ്രത്യേക ക്ലിനിക്കുകൾ ആരംഭിച്ചു. ഇവിടെ കൂളിംഗ് ഉപകരണങ്ങളും ആവശ്യമായ മരുന്നുകളും ഉറപ്പാക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ യുവി (UV) രശ്മികളുടെ തോത് കൂടുതലായിരിക്കും. ഇത് ചർമ്മരോഗങ്ങൾക്കും ക്യാൻസറിനും പ്രതിരോധശേഷി കുറയുന്നതിനും കാരണമായേക്കാം.
11 AM മുതൽ 3 PM വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക. ജോലി സമയം ഇതിനനുസരിച്ച് ക്രമീകരിക്കുക. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ശീലമാക്കുക. മധുരമുള്ള പാനീയങ്ങളും കാർബണേറ്റഡ് പാനീയങ്ങളും ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർക്ക് വീടിനുള്ളിലും നിർജ്ജലീകരണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ശക്തമായ പൊള്ളൽ, തലകറക്കം, ഓക്കാനം, മൂത്രം കടുംനിറമാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തണലിലേക്ക് മാറി വിശ്രമിക്കുകയും ചികിത്സ തേടുകയും ചെയ്യണം. വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെയും മുതിർന്നവരെയും തനിച്ചിരുത്തി പോകരുതെന്നും ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം നൽകി.

