കണ്ണൂർ: അഞ്ചരക്കണ്ടിയിലെ വിദ്യാർത്ഥി നിതിൻ രാജ് മരിച്ച സംഭവത്തിൽ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മരണത്തിന് തൊട്ടുമുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് നിതിൻ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.(Nitin Raj’s death, Police received footage of him leaving the principal’s room crying)
സംഭവ ദിവസം നിതിൻ രാജ് അധ്യാപകനായ റാമുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പൽ നിതിനെ ഓഫീസിലേക്ക് വിളിപ്പിച്ചത്. പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങിയ നിതിൻ അതീവ സങ്കടത്തിലായിരുന്നുവെന്ന് മൊഴി നൽകിയിട്ടുണ്ട്.
മരണത്തിലേക്ക് നയിച്ചത് ജാതി അധിക്ഷേപത്തോടൊപ്പം ലോൺ ആപ്പ് മാഫിയയുടെ കടുത്ത ഭീഷണിയുമാണെന്ന് പോലീസ് പറയുന്നു. നിതിൻ എടുത്ത വായ്പയുടെ പേരിൽ ലോൺ ആപ്പ് സംഘം അധ്യാപികയെ വിളിച്ച് ശല്യം ചെയ്തതും ഇതിനെതിരെ പോലീസ് പരാതി നൽകാനുള്ള കോളേജ് അധികൃതരുടെ നീക്കവുമാണ് വിദ്യാർത്ഥിയെ മാനസികമായി തകർത്തതെന്നാണ് പോലീസ് നിഗമനം. നിതിൻ്റെ ഫോണിലേക്ക് 98 തവണയാണ് ലോൺ ആപ്പ് സംഘം വിളിക്കുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തത്. നിതിനെ പഠനത്തിൽ സഹായിച്ചിരുന്ന അധ്യാപികയെയും സംഘം വിളിച്ചു. ഇത് നിതിനെ വലിയ രീതിയിൽ വിഷമിപ്പിച്ചിരുന്നു.
കേസിൽ പ്രതികളായ അധ്യാപകർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. എങ്കിലും അറസ്റ്റ് നടപടികളിലേക്ക് പോലീസ് ഉടൻ കടക്കില്ലെന്നാണ് സൂചന. ഇതിന്റെ ഭാഗമായി നിതിന്റെ മൊബൈൽ ഫോൺ പരിശോധനയും സാക്ഷിമൊഴികളും പോലീസ് വിശദമായി വിശകലനം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ അന്വേഷണ സംഘം നിതിന്റെ രക്ഷിതാക്കളുടെയും അയൽവാസികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

