മൂന്നാർ: പ്രമുഖ ടൂറിസം കേന്ദ്രമായ മൂന്നാറിന്റെ വികസനത്തിനും ടൂറിസം രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി വ്യാപാരികളെയും വിവിധ സംഘടനകളെയും ഉൾപ്പെടുത്തി സർക്കാർ പ്രത്യേക യോഗം ചേർന്നു (Munnar Tourism). മൂന്നാറിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിട്ടുള്ളതെന്ന് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ടൂറിസം മന്ത്രി വ്യക്തമാക്കി. കോവിഡിന് ശേഷം മറ്റ് പല ടൂറിസം കേന്ദ്രങ്ങളിലും ആളുകൾ കുറഞ്ഞപ്പോൾ മൂന്നാറിൽ 2014-ൽ 46 ലക്ഷമായിരുന്ന സഞ്ചാരികളുടെ എണ്ണം 2025 ആയപ്പോഴേക്കും മൂന്ന് കോടിയായി ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഞ്ചാരികളുടെ എണ്ണം മൂന്ന് കോടിയായി ഉയർന്നതോടെ മൂന്നാർ നേരിടുന്ന പ്രധാന വെല്ലുവിളി കടുത്ത ട്രാഫിക് ബ്ലോക്കാണെന്ന് മന്ത്രി പറഞ്ഞു. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ ശാസ്ത്രീയമായ പാർക്കിംഗ് സംവിധാനം ഒരുക്കേണ്ടതുണ്ട്. എന്നാൽ മൂന്നാറിന്റെ പ്രത്യേക സാഹചര്യത്തിൽ സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ കൈവശം ഭൂമി ലഭ്യമല്ല എന്ന പരിമിതിയുണ്ട്. ഈ സാഹചര്യത്തിൽ ലഭ്യമായ സർക്കാർ ഭൂമി ഉപയോഗപ്പെടുത്തിയും, ടാറ്റ ഉൾപ്പെടെയുള്ള കമ്പനികളുടെ ഭൂമി ലഭ്യമാക്കാൻ സർക്കാർ തലത്തിൽ ചർച്ചകൾ നടത്തിയും പാർക്കിംഗ് പ്രശ്നത്തിന് പരിഹാരം കാണാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ചില പ്രധാന റോഡുകൾ വീതികൂട്ടുന്ന കാര്യത്തിലും ഭൂമിയുടെ ലഭ്യത കുറവ് പരിഹരിക്കാൻ ടാറ്റ ഉൾപ്പെടെയുള്ളവരുടെ സഹായം തേടുമെന്ന് മന്ത്രി വ്യക്തമാക്കി.
മൂന്നാറിലെ ഗൈഡുകൾക്ക് മതിയായ പരിശീലനമോ, യൂണിഫോമോ, ഐഡന്റിറ്റി കാർഡോ നിലവിലില്ല എന്ന പരാതിക്ക് അടിയന്തര പരിഹാരമുണ്ടാകും. സർക്കാർ ഏജൻസിയായ കിറ്റ്സ് (KITTS) വഴി മൂന്നാറിലെ ഗൈഡുകൾക്ക് അടിയന്തരമായി വിദഗ്ദ്ധ പരിശീലനം നൽകാനും ഔദ്യോഗിക ഐഡി കാർഡുകൾ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ, മൂന്നാറിലെത്തുന്ന സഞ്ചാരികൾ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമായ ആധുനിക ടോയ്ലറ്റ് സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാൻ ടൂറിസം വകുപ്പ് നേരിട്ട് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആധുനിക നിലവാരത്തിലുള്ള ടോയ്ലറ്റുകൾ സ്ഥാപിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്കരണവും ശുചിത്വവും ഉറപ്പുവരുത്താൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാരി വ്യവസായികൾ, ടാക്സി ഉടമകൾ, ടൂറിസം രംഗത്തെ മറ്റ് സംഘടനകൾ എന്നിവരെല്ലാം സർക്കാരിന്റെ വികസന പദ്ധതികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ ഭാവി വികസനം ടൂറിസം മേഖലയെ ആശ്രയിച്ചാണെന്നും മൂന്നാറിനെ കൂടുതൽ മനോഹരമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും നല്ല പിന്തുണ വേണമെന്നും മന്ത്രി അഭ്യർത്ഥിച്ചു .

