ഇസ്ലാമാബാദ്: ഇറാൻ അതിർത്തിക്കടുത്ത് അറബിക്കടലിൽ പാകിസ്ഥാൻ കോസ്റ്റ് ഗാർഡ് ബോട്ടിലെ മൂന്ന് ഉദ്യോഗസ്ഥർ വെടിയേറ്റു മരിച്ചു. സമുദ്ര സുരക്ഷാ കപ്പലിന് നേരെ ബലൂച് വിഘടനവാദികൾ നടത്തുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ആക്രമണമാണിതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.(BLA attack Pakistan Coast Guard for the first time, 3 dead)
പാകിസ്ഥാൻ-ഇറാൻ അതിർത്തിക്ക് സമീപമുള്ള തീരപ്രദേശത്ത് പതിവ് പട്രോളിംഗിനിടെയാണ് ബോട്ടിന് നേരെ വെടിവയ്പുണ്ടായത്. നിരോധിക്കപ്പെട്ട വിഘടനവാദി സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
കരയിലെ പ്രവർത്തനങ്ങൾക്ക് ശേഷം സമുദ്ര അതിർത്തികളിലേക്ക് കൂടി പോരാട്ടം വ്യാപിപ്പിക്കുന്നത് തങ്ങളുടെ സൈനിക തന്ത്രത്തിലെ പുതിയ വികാസമാണെന്ന് ബി.എൽ.എ പ്രസ്താവനയിൽ പറഞ്ഞു. ഗ്വാഡർ തുറമുഖത്തിന് സമീപമുള്ള തീരദേശ പട്ടണമായ ജി വാനിയിലാണ് ആക്രമണം നടന്നത്. സംഭവത്തെത്തുടർന്ന് മേഖലയിൽ അന്വേഷണം ആരംഭിക്കുകയും സുരക്ഷാ സാന്നിധ്യം വർദ്ധിപ്പിക്കുകയും ചെയ്തതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. സുരക്ഷാ സേനയെയും വികസന പദ്ധതികളെയും ലക്ഷ്യമിട്ട് ഗ്വാഡറിൽ സമീപകാലത്തായി നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്.
ബലൂചിസ്ഥാനിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കൊപ്പം വർഗീയ സംഘർഷങ്ങളും തുടരുകയാണ്. ഞായറാഴ്ച ക്വറ്റയിൽ ഹസാര വിഭാഗത്തിൽപ്പെട്ട രണ്ട് പച്ചക്കറി വ്യാപാരികളെ ബൈക്കിലെത്തിയ അജ്ഞാതർ വെടിവെച്ചു കൊന്നു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതേത്തുടർന്ന് ഹസാര വിഭാഗക്കാർ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

