Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala
HomeKeralaFCRA ഭേദഗതിയിൽ നിന്ന് പിന്തിരിയണം: കേന്ദ്ര നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക്...

FCRA ഭേദഗതിയിൽ നിന്ന് പിന്തിരിയണം: കേന്ദ്ര നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി | FCRA

🎙️ Latest Podcast

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം മതന്യൂനപക്ഷങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ഇടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന ഭേദഗതികളിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.(Chief Minister writes to PM Modi expressing concern over central move on FCRA amendment)

രജിസ്ട്രേഷൻ പുതുക്കുന്നതിൽ സംഭവിക്കുന്ന നിസ്സാരമായ സാങ്കേതിക പിഴവുകൾ പോലും സ്ഥാപനങ്ങളുടെ ആസ്തികൾ കേന്ദ്ര സർക്കാർ കണ്ടുകെട്ടുന്ന അവസ്ഥയിലേക്കാണ് പുതിയ ഭേദഗതി നയിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതിരിക്കുകയോ അപേക്ഷ നിരസിക്കപ്പെടുകയോ ചെയ്താൽ, ആ സ്ഥാപനത്തിന്റെ വിദേശ സംഭാവനകളും ആസ്തികളും കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലാകും.

അപേക്ഷ സമർപ്പിക്കുന്നതിലെ വൈകല്യമോ സാങ്കേതികമായ കാലതാമസമോ ഉണ്ടായാൽ പോലും ആസ്തികൾ കണ്ടുകെട്ടാൻ പുതിയ നിയമം അധികാരം നൽകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

പൊതുതാൽപ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ തടയാൻ 2010-ലെ നിലവിലുള്ള നിയമം തന്നെ പര്യാപ്തമാണെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു. പുതിയ ഭേദഗതിയിലൂടെ ധർമ്മസ്ഥാപനങ്ങളുടെയും മതവിഭാഗങ്ങളുടെയും സ്വയംഭരണാധികാരത്തിന്മേൽ കടന്നുകയറാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചർച്ച നടത്തി ആശങ്കകൾ പരിഹരിക്കാതെ ബില്ലുമായി മുന്നോട്ട് പോകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.