കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെയും ഭരണസമിതിയെയും അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ജസ്റ്റിസ് ടി.ആർ. രവി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് അപ്പീൽ.(Disqualification will not prevail, Vellappally Natesan appeals to the High Court on disqualification from SNDP post )
മൂന്ന് വർഷം തുടർച്ചയായി റിട്ടേൺ സമർപ്പിക്കാതിരുന്നാൽ മാത്രമേ കമ്പനി നിയമത്തിലെ സെക്ഷൻ 164(2) പ്രകാരമുള്ള അയോഗ്യത ബാധകമാകൂ. എന്നാൽ തന്റെ കാര്യത്തിൽ ഇത്തരമൊരു തുടർച്ചയായ വീഴ്ച ഉണ്ടായിട്ടില്ലെന്നും സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ തെറ്റാണെന്നും വെള്ളാപ്പള്ളി വാദിക്കുന്നു.
നിലവിൽ സ്റ്റേ ചെയ്യപ്പെട്ട ഒരു നിയമത്തെ ആസ്പദമാക്കിയാണ് സിംഗിൾ ബെഞ്ച് അയോഗ്യത കൽപ്പിച്ചതെന്നും അപ്പീലിൽ പറയുന്നു. എസ്എൻഡിപി യോഗം കേരളത്തിന് പുറത്തും പ്രവർത്തിക്കുന്ന ഒന്നായതിനാൽ, കമ്പനി ഡയറക്ടർമാരെ അയോഗ്യരാക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മാത്രമേ അധികാരമുള്ളൂവെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ചിന് ഇതിൽ ഇടപെടാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു.

