തിരുവനന്തപുരം: നഗരത്തിൽ പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ചാലയിലെ ഹോട്ടലിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷണം പോയി. ചാലയിലെ ഹോട്ടലിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്. അടുക്കളയിൽ ഉണ്ടായിരുന്ന മൂന്ന് സിലിണ്ടറുകളിൽ ഗ്യാസ് നിറച്ചിരുന്ന കുറ്റിയാണ് കള്ളൻ കൊണ്ടുപോയത്.(Gas cylinder stolen from hotel in Trivandrum, CCTV footage released)
സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കാൻ ഹോട്ടലിലെ മെയിൻ സ്വിച്ച് ബോർഡിൽ നിന്ന് ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മോഷ്ടാവ് അകത്ത് കടന്നത്. എന്നാൽ ഹോട്ടലിൽ ഇൻവെർട്ടർ സൗകര്യം ഉണ്ടായിരുന്നതിനാൽ ക്യാമറകൾ പ്രവർത്തിച്ചു കൊണ്ടിരുന്നു. ഇതോടെ കള്ളൻ ഹോട്ടലിലേക്ക് വരുന്നതും സിലിണ്ടറുമായി മടങ്ങുന്നതുമായ ദൃശ്യങ്ങൾ വ്യക്തമായി ലഭിച്ചു.
അടുക്കളയിൽ ക്യാമറ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കള്ളൻ അത് മറ്റൊരു വശത്തേക്ക് തിരിച്ചു വെച്ചിരുന്നു. അതിനാൽ അടുക്കളയ്ക്കുള്ളിൽ നടന്ന കാര്യങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഹോട്ടലുടമ പറഞ്ഞു. പകുതി ഉപയോഗിച്ച രണ്ട് സിലിണ്ടറുകൾ അവിടെയുണ്ടായിരുന്നെങ്കിലും അത് ഉപേക്ഷിച്ചാണ് നിറച്ച കുറ്റിയുമായി മോഷ്ടാവ് കടന്നുകളഞ്ഞത്. സംഭവത്തിൽ ഹോട്ടലുടമ പോലീസിൽ പരാതി നൽകി.

