Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeWeather Updatesകേരളം ചുട്ടുപൊള്ളുന്നു: 8 ജില്ലകളിൽ യെല്ലോ അലർട്ട്; താപനില 37 ഡിഗ്രി...

കേരളം ചുട്ടുപൊള്ളുന്നു: 8 ജില്ലകളിൽ യെല്ലോ അലർട്ട്; താപനില 37 ഡിഗ്രി വരെ ഉയർന്നേക്കും | Heat wave

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് പുതിയ റെക്കോർഡുകളിലേക്ക്. ഇന്നും നാളെയും എട്ട് ജില്ലകളിൽ ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടുന്നതിനാൽ മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്.(Heat wave alert in Kerala yellow alert issued)

കണ്ണൂർ, കാസർകോട്: താപനില 37°C വരെ ഉയരാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്: താപനില 36°C വരെ ഉയരാൻ സാധ്യത. ഈ സാഹചര്യത്തിൽ സൂര്യഘാതം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

കടുത്ത ചൂട് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കുക. പകൽ 11 am മുതൽ 3 pm വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. നിർമ്മാണത്തൊഴിലാളികൾ, കർഷകർ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽ ഒഴിവാക്കി സംഭാരം, ഒആർഎസ് ലായനി, ശുദ്ധജലം എന്നിവ ശീലമാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ, കുട അല്ലെങ്കിൽ തൊപ്പി എന്നിവ ഉപയോഗിക്കുക. പരീക്ഷാക്കാലമായതിനാൽ സ്കൂളുകളിൽ വായുസഞ്ചാരവും കുടിവെള്ളവും ഉറപ്പാക്കണം. 11 am മുതൽ 3 pm വരെ വെയിലേൽക്കുന്ന രീതിയിലുള്ള അസംബ്ലികളോ വിനോദയാത്രകളോ പാടില്ല. ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർക്കും മാധ്യമപ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും വിശ്രമിക്കാനും വെള്ളം കുടിക്കാനുമുള്ള സൗകര്യം ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉറപ്പാക്കണം.

കന്നുകാലികളെ വെയിലത്ത് മേയാൻ വിടരുത്. വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ തനിച്ചിരുത്തി പോകുന്നത് ഒഴിവാക്കുക. ചൂട് കൂടുന്നതിനാൽ മാർക്കറ്റുകൾ, ഡംപിങ് യാർഡുകൾ എന്നിവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തണം. വനമേഖലയിൽ കാട്ടുതീ പടരാതിരിക്കാൻ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണം. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും നിർദ്ദേശമുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.