HomeIran Israel Conflictഇറാനെതിരെ ശക്തമായ സൈനിക നീക്കത്തിന് US: ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനും പിക്കാക്സ്...

ഇറാനെതിരെ ശക്തമായ സൈനിക നീക്കത്തിന് US: ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനും പിക്കാക്സ് മൗണ്ടൻ ആണവ കേന്ദ്രം തകർക്കാനും പദ്ധതിയിട്ട് ട്രംപ് | US Iran conflict

വാഷിങ്ടൺ: പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ശക്തമായ വ്യോമാക്രമണം മുതൽ ഇറാന്റെ തന്ത്രപ്രധാന മേഖലകൾ ലക്ഷ്യമിട്ടുള്ള കരയുദ്ധം വരെയുള്ള വിവിധ സൈനിക നീക്കങ്ങൾ ട്രംപിന്റെ പരിഗണനയിലുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി ട്രംപ് നിർണ്ണായക ചർച്ചകൾ നടത്തിക്കഴിഞ്ഞു.(US Iran conflict, Donald Trump Considers Military Action Against Strategic Iranian Locations)

ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ ഖാർഗ് എണ്ണ കയറ്റുമതി ദ്വീപ് പിടിച്ചെടുക്കുക എന്നതാണ് യുഎസിന്റെ പ്രധാന ആലോചനകളിലൊന്ന്. ഇത് യാഥാർത്ഥ്യമായാൽ ഇറാന്റെ എണ്ണവ്യാപാരത്തിന്റെ നിയന്ത്രണം പൂർണ്ണമായും യുഎസിന്റെ കൈകളിലാകുകയും രാജ്യത്തിന് മേൽ വലിയ സാമ്പത്തിക സമ്മർദ്ദം ചെലുത്താൻ സാധിക്കുകയും ചെയ്യും. ഇതോടൊപ്പം ആഗോള കപ്പൽ ഗതാഗത റൂട്ടുകളുടെ സുരക്ഷ മുൻനിർത്തി ഹോർമുസ് കടലിടുക്കിന് സമീപമുള്ള അബു മൂസ, ഗ്രേറ്റർ ടുൺബ്, ലെസ്സർ ടുൺബ് എന്നീ തന്ത്രപ്രധാന ദ്വീപുകൾ കൂടി കൈവശപ്പെടുത്താൻ ട്രംപ് പദ്ധതിയിടുന്നുണ്ട്. ഇറാന്റെ സൈനിക പ്രതിരോധങ്ങളെ പൂർണ്ണമായും തളർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇറാന്റെ ഭൂഗർഭ ആണവ തുരങ്ക സമുച്ചയമായ ‘പിക്കാക്സ് മൗണ്ടൻ’ ആക്രമിക്കുക എന്നതാണ് യുഎസിന് മുന്നിലുള്ള മറ്റൊരു പ്രധാന ലക്ഷ്യം. പർവതത്തിന് നൂറുകണക്കിന് അടി താഴെയായി സ്ഥിതി ചെയ്യുന്ന ഈ ആണവ കേന്ദ്രം തകർക്കുക എന്നത് യുഎസും ഇസ്രയേലും മുൻപ് ലക്ഷ്യമിട്ട മറ്റ് ആണവ നിലയങ്ങളെ അപേക്ഷിച്ച് കടുത്ത വെല്ലുവിളിയാണ്. പിക്കാക്സ് മൗണ്ടൻ ആക്രമിക്കുന്നതിനെക്കുറിച്ച് ട്രംപ് പരസ്യമായി സൂചന നൽകിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. സൈനിക നീക്കങ്ങൾക്കൊപ്പം നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതകളും നിലവിൽ യുഎസ് തുറന്നിട്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

Story Summary

US President Donald Trump is considering expanding military action against Iran, including potential airstrikes and ground operations targeting strategic locations. According to reports, discussions include seizing Iran’s key oil export hub, Kharg Island, and attacking the underground nuclear facility at Pickaxe Mountain. While high-level meetings have taken place to assess these strategic moves, US officials note that diplomatic options still remain open.

Clickable Info Box