കൊല്ലം : ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മുൻ മേൽശാന്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെട്ടിക്കവല സ്വദേശിയായ സജിത്ത് നമ്പൂതിരിയാണ് പിടിയിലായത്. അഞ്ചൽ വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലായിരുന്നു ഇയാൾ കവർച്ച നടത്തിയത്.(Former head priest arrested for theft at temple in Kollam)
മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പോലീസ് സജിത്തിനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വടമൺ ക്ഷേത്രത്തിലെ കവർച്ചാ വിവരം പുറത്തുവന്നത്. 2015-ൽ ഈ ക്ഷേത്രത്തിൽ മേൽശാന്തിയായി സജിത്ത് ജോലി ചെയ്തിരുന്നു.
ക്ഷേത്രത്തിന്റെ ഉൾഭാഗങ്ങളെക്കുറിച്ചും ഭണ്ഡാരത്തെക്കുറിച്ചുമുള്ള കൃത്യമായ അറിവ് മോഷണം എളുപ്പമാക്കാൻ ഇയാളെ സഹായിച്ചു. മൂന്ന് മാസം മുമ്പ് രാത്രിയിലെത്തിയാണ് ഇയാൾ ഭണ്ഡാരം കുത്തിത്തുറന്നത്. മോഷണം നടത്തുന്ന ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

