തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ഒപി സമയം വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ്. ഡ്യൂട്ടി പരിഷ്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ മാർഗ്ഗരേഖ പ്രകാരം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഇനി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ലഭ്യമാകും.(Doctors’ OP hours increased in government hospitals)
സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒപി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയായിരുന്നത് 2 മണി വരെയായി നീട്ടി. മെഡിക്കൽ ഓഫീസർമാർ ഡ്യൂട്ടി ദിവസങ്ങളിൽ ആശുപത്രിയുടെ 8 കിലോമീറ്റർ പരിധിക്കുള്ളിൽ തന്നെ താമസിക്കണം. ഇവർക്ക് യാത്രാ സൗകര്യത്തിനായി ആശുപത്രി വാഹനങ്ങൾ വിട്ടുനൽകും.
സൂപ്രണ്ട്, ആർ.എം.ഒ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർ, കൺസൾട്ടന്റുമാർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവരുടെ ജോലികളും ഉത്തരവാദിത്തങ്ങളും ആരോഗ്യവകുപ്പ് പുതുതായി നിശ്ചയിച്ചു. എന്നാൽ അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ളവരുടെ ജോലി സമയത്തിൽ മാറ്റം വരുത്തിയിട്ടില്ല. സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ഡോക്ടർമാരുടെ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുന്നതിന് പകരം ജോലി സമയം നീട്ടുന്ന കുറുക്കുവഴികൾ അംഗീകരിക്കാനാവില്ലെന്ന് കെ ജി എം ഒ എ വ്യക്തമാക്കി. ജോലിഭാരം വർദ്ധിപ്പിക്കുന്ന ഈ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് കേരള ഗവൺമെന്റ് സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

