കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസിൽ ഹാജരായത്. കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കള്ളപ്പണ നിക്ഷേപങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഇഡി തേടുന്നത്.(Sabarimala gold theft case, Thantri appears at ED office)
ഇന്ന് ഉച്ചവരെ തന്ത്രി എത്തിയിരുന്നില്ല. ശാരീരിക അസ്വസ്ഥതകൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഇന്ന് എത്തിയേക്കില്ലെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉച്ചയ്ക്ക് ശേഷം അദ്ദേഹം ഉദ്യോഗസ്ഥർക്ക് മുന്നിലെത്തുകയായിരുന്നു.
സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത തന്ത്രി, ജയിലിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇഡി സമൻസ് അയച്ചത്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ആകെ 28 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

