ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ മാത്രമേ ഉണ്ടാകൂ എന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം മാർച്ച് ആറിൽ നിന്ന് 11ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനവും നീളുന്നത് ( PM Narendra Modi Kerala Visit). തമിഴ്‌നാട് പര്യടനം പൂർത്തിയാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർമാർ ഡൽഹിയിൽ തിരിച്ചെത്തിയിട്ടുണ്ട്. മാർച്ച് അഞ്ച്, ആറ് തീയതികളിൽ കമ്മിഷൻ കേരളത്തിൽ സന്ദർശനം നടത്തും.
മാർച്ച് 11-ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി എറണാകുളം കലൂർ സ്റ്റേഡിയത്തിൽ വെച്ച് എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്യും. തുടർന്ന് മറൈൻ ഡ്രൈവിൽ നടക്കുന്ന ധീവരസഭയുടെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. റെയിൽവേയുമായി ബന്ധപ്പെട്ട ചില പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും ഈ സന്ദർശന വേളയിൽ ഉണ്ടായേക്കുമെന്നാണ് വിവരം. മാർച്ച് 14-ന് അസമിൽ നടക്കുന്ന എക്സ്പ്രസ് വേ ഉദ്ഘാടനത്തിന് ശേഷമേ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് കമ്മിഷൻ കടക്കുകയുള്ളൂ.
പശ്ചിമബംഗാളിലെ അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ബംഗാളിലെ തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ ഇക്കുറി മൂന്നോ നാലോ ആയി ചുരുക്കാനാണ് കമ്മിഷന്റെ നീക്കം. കേരളത്തിൽ ഒറ്റഘട്ടമായി തന്നെ തിരഞ്ഞെടുപ്പ് നടക്കും. ബിഹാർ മാതൃകയിൽ തിരഞ്ഞെടുപ്പ് നടപടികളുടെ ദൈർഘ്യം കുറയ്ക്കാനും കമ്മിഷൻ ആലോചിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെ സന്ദർശന കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായേക്കും.

