തിരുവനന്തപുരം: കാട്ടാക്കടയിൽ ചികിത്സയിലിരിക്കെ രണ്ടരവയസ്സുകാരി മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം വിവരങ്ങൾ പുറത്തുവന്നു. കുഞ്ഞിന്റെ മരണം ന്യൂമോണിയ മൂലമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, വിശദമായ ഫലങ്ങൾ ലഭിച്ചതിനുശേഷം മാത്രമേ മരണകാരണത്തിൽ അന്തിമ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.(Death of girl child, Initial postmortem report says cause was pneumonia)
ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ഐഷ ഫാത്തിമ എന്ന കുഞ്ഞാണ് മരിച്ചത്. ശ്വാസതടസ്സത്തെത്തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് കുത്തിവെപ്പെടുത്തതിന് പിന്നാലെയാണ് കുഞ്ഞിന്റെ ആരോഗ്യനില വഷളായതെന്നും മരണം സംഭവിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
കഴിഞ്ഞ വ്യാഴാഴ്ച ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് കുട്ടി ഇതേ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഞായറാഴ്ച ശ്വാസംമുട്ടൽ കഠിനമായതിനെത്തുടർന്നാണ് വീണ്ടും ആശുപത്രിയിലെത്തിച്ചത്.

