ഇടുക്കി: പുതുയുഗ യാത്രയുടെ അടിമാലിയിലെ സ്വീകരണ വേദിയിലെ തിക്കിലും തിരക്കിലും ബഹളത്തിലും അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രസംഗത്തിനിടെ പലതവണ ബഹളം തുടർന്നതോടെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. പിന്നാലെയാണ് അദ്ദേഹം പ്രസംഗം തുടർന്നത്.(VD Satheesan expresses dissatisfaction with the commotion at the Puthuyuga Yatra venue in Adimali)
ഇടുക്കിയിലെ ഭൂമി പ്രശ്നം സർക്കാർ കോടതിയിൽ കേസ് നടത്തി വഷളാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉപാധിരഹിത പട്ടയം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വന്യജീവി ആക്രമണം തടയാൻ ആധുനികവും പരമ്പരാഗതവുമായ രീതികൾ സംയോജിപ്പിക്കും. ഇരകൾക്ക് നഷ്ടപരിഹാരവും ജോലിയും നൽകുന്നതിൽ സർക്കാർ വീഴ്ച വരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് ബാങ്ക് ഉണ്ടെന്ന് കരുതി ആരും വർഗീയതയുമായി വരേണ്ടെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രക്തസാക്ഷികൾ ഉണ്ടാകുന്നത് സിപിഎമ്മിന് ‘ബമ്പർ അടിക്കുന്നത്’ പോലെയാണെന്നും അതിനു പിന്നാലെ പിരിവ് തുടങ്ങുമെന്നും സതീശൻ പരിഹസിച്ചു.
സിപിഎം പ്രതിക്കൂട്ടിലായപ്പോഴാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. ഒരു പൗരന് നൽകേണ്ട പരിഗണന തന്ത്രിക്കും നൽകണമെന്നും അറസ്റ്റിന്റെ കാരണം എസ്ഐടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതിലും ഡാറ്റാ മോഷണത്തിലും കേസെടുത്ത് അന്വേഷണം നടത്തണം. വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ് ഒറ്റപ്പെട്ട സംഭവമല്ല. സർക്കാർ ഇത്തരം ഗുരുതരമായ വീഴ്ചകളെ ലഘൂകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

