കൊച്ചി: വിവാഹമോചിതയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണവും പണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി നിയാസ് (28) പിടിയിലായി (Wedding Fraud Kerala). കാലടി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2022 മുതൽ 2023 വരെയുള്ള കാലയളവിൽ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡനത്തിനിരയാക്കി. ബിസിനസ് തുടങ്ങാനെന്ന വ്യാജേന യുവതിയുടെ 16 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും പ്രതി കൈക്കലാക്കി.
തട്ടിയെടുത്ത പണവും സ്വർണ്ണവും തിരികെ ആവശ്യപ്പെട്ടപ്പോൾ യുവതിയെ പ്രതി ക്രൂരമായി മർദ്ദിച്ചതായും പരാതിയിലുണ്ട്. നേരത്തെ റെയിൽവേ ടിടിആർ (TTR) ആയി ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തിയതിന് ഷൊർണ്ണൂർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാൾ സമാനമായ രീതിയിൽ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.



