കോഴിക്കോട്: വെളിമണ്ണയിൽ പുലർച്ചെ യുവാവ് അക്രമാസക്തനായി വൻ നാശനഷ്ടങ്ങൾ വരുത്തി (Kozhikode Crime News). വെളിമണ്ണ സ്വദേശിയായ അബ്ദുൽ റാസിഖ് ആണ് പ്രദേശം നടുങ്ങിയ അക്രമ സംഭവങ്ങൾക്ക് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. പുലർച്ചെ ഒരു മണിയോടെ താമരശ്ശേരി ചുങ്കത്തുനിന്നാണ് പ്രതി പിക്ക്അപ്പ് വാൻ മോഷ്ടിച്ചത്.
മോഷ്ടിച്ച വാനുമായി രണ്ടരയോടെ വെളിമണ്ണയിലെത്തിയ ഇയാൾ റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ ഇടിച്ചുതകർത്തു.ഇതിന് പിന്നാലെ താൻ മുൻപ് ജോലി ചെയ്തിരുന്ന വെളിച്ചെണ്ണ മില്ലിന് റാസിഖ് തീയിട്ടു. നാട്ടുകാർ ചേർന്ന് തീ അണയ്ക്കുന്നതിനിടെ ഇയാൾ വാനുമായി സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു.
ഓമശ്ശേരി മാങ്ങാട്ടുള്ള പെട്രോൾ പമ്പിലെത്തിയപ്പോൾ ടയറുകൾ നശിച്ചതിനെ തുടർന്ന് പിക്ക്അപ്പ് വാൻ അവിടെ ഉപേക്ഷിച്ചു. തുടർന്ന് അവിടെയുണ്ടായിരുന്ന മറ്റൊരു വാഹനവുമായി ഇയാൾ വീട്ടിലേക്ക് രക്ഷപ്പെട്ടു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമം നടത്തിയത് അബ്ദുൽ റാസിഖാണെന്ന് പോലീസ് കണ്ടെത്തിയത്. ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച രണ്ടാമത്തെ വാഹനം വീടിന്റെ പോർച്ചിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടാൻ പോലീസ് ഊർജിതമായ നടപടികൾ ആരംഭിച്ചു. മുൻ വൈരാഗ്യമാണോ അക്രമത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.



