മംഗളൂരു: എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ കർണാടക ഹൈക്കോടതി ശരിവെച്ചു. മധ്യപ്രദേശ് സ്വദേശികളായ ജയ്ബാൻ, മുകേഷ് സിങ്, ഝാർഖണ്ഡ് സ്വദേശി മനീഷ് തിർക്കി എന്നിവരെ മരണം വരെ തൂക്കിലേറ്റാനാണ് കോടതി ഉത്തരവിട്ടത്. (8-year-old girl rape and murder case, Karnataka High Court upholds death sentence of three accused)
പ്രതികൾ യാതൊരുവിധ ദയയും അർഹിക്കുന്നില്ലെന്നും, ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുന്നവർക്ക് ശിക്ഷാ ഇളവ് നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു. 2021 നവംബർ 21-നാണ് മംഗളൂരു വാമഞ്ചൂരിലെ ഓട്ടുകമ്പനിക്ക് സമീപം നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. ഓട്ടുകമ്പനിയിലെ തൊഴിലാളികളായ ദമ്പതികളുടെ മകളെയാണ് പ്രതികൾ കൊലപ്പെടുത്തിയത്.
കളിസ്ഥലത്ത് നിന്നിരുന്ന കുട്ടിയെ പലഹാരം വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് പ്രതികളിലൊരാളായ മനീഷ് തിർക്കി തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മനീഷ് തിർക്കി കുട്ടിയെ പീഡിപ്പിക്കുന്നതിനിടെ മറ്റ് രണ്ട് പ്രതികളും മുറിയിലെത്തി ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. പ്രതികളുടെ ക്രൂരമായ പീഡനത്തെത്തുടർന്ന് കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം സമീപത്തെ ഓവുചാലിൽ ഉപേക്ഷിച്ച ശേഷമാണ് പ്രതികൾ കടന്നുകളഞ്ഞത്.



