കൊച്ചി: കളമശേരിയിലെ കുറ്റിക്കാട്ടിൽ ബെംഗളൂരു സ്വദേശിയായ സൂരജ് ലാമയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.(SIT to investigate Suraj Lama’s death, High Court issues strict order)
സൂരജ് ലാമ ഇന്ത്യയിൽ എത്തിയത് മുതൽ മൃതദേഹം കണ്ടെത്തിയത് വരെയുള്ള എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിൽ വരണം. കേസ് കൈകാര്യം ചെയ്യുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് കോടതി വ്യക്തമാക്കി.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമല്ലാത്തതിനാൽ കൊലപാതക സാധ്യതയും ഗൗരവമായി അന്വേഷിക്കണം. ആവശ്യമെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും കോടതി നിർദ്ദേശിച്ചു. മൂന്നാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ഉത്തരവ്.
കുവൈറ്റിൽ നാല് ഹോട്ടലുകൾ ഉണ്ടായിരുന്ന വ്യവസായിയായിരുന്നു സൂരജ്. അവിടെ നിന്ന് ഡിപോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഒക്ടോബറിലാണ് അദ്ദേഹം കൊച്ചിയിൽ എത്തിയത്. പിന്നീട് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.



