Times Kerala

പട്ടിണി കിടന്നു മരിച്ച രാജകുമാരി.!!

 
പട്ടിണി കിടന്നു മരിച്ച രാജകുമാരി.!!

മുഗൾ വംശത്തിലെ രാജകുമാരി ആയിരുന്ന ഗുൽബാനു ബീഗം ആണ് ഈ കഥാ നായിക. അവസാന മുഗൾ ചക്രവർത്തി ബഹദൂർ ഷാ സഫറിന്റെ പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന പുത്രൻ മിർസാ ദറാബക്തിന്റെ മകളായിരുന്നു ഗുൽബാനു ബീഗം. പക്ഷേ ബഹദൂർ ഷാ സഫറിന്റെ ജീവിത കാലത്തു തന്നെ മിർസാ ദറാബക്ത്‌ മരണപ്പെട്ടു. പിതാവ്‌ മരിക്കുമ്പോൾ ഗുൽബാനു ബീഗത്തിന് 16 വയസ്സായിരുന്നു പ്രായം.

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം അടിച്ചമർത്തപ്പെട്ടപ്പോൾ ഗുൽബാനു ബീഗം ഡൽഹിയിലെ ഹസ്രത്ത്‌ നസീറുദ്ദീൻ ചിറാഗിന്റെ ദർഗ്ഗയിൽ അഭയം തേടി. ഈ സമയത്ത്‌ ദില്ലിയിൽ അനുഭവപ്പെട്ടു കൊണ്ടിരുന്ന അതിരൂക്ഷമായ പട്ടിണിയിൽ നിന്നും , ബ്രിട്ടീഷുകാർ നടത്തിയ കൂട്ടക്കൊലകളിൽ നിന്നും രക്ഷ നേടാനായിരുന്നു ബീഗം ദർഗ്ഗയിൽ അഭയം തേടിയത്‌. അവരുടെ പിതാവ്‌ സംസ്കരിക്കപ്പെട്ടതും ഈ ദർഗ്ഗയിൽ തന്നെയായിരുന്നു.

അതൊടെ അവര്‍ തന്റെ സേവകരടക്കമുളള സ്വന്തക്കാരിൽ നിന്നെല്ലാം അകറ്റപ്പെട്ടു.

അങ്ങിനെ ഗുൽബാനു ബീഗം 1858 ൽ പട്ടിണി മൂലം മരണപ്പെടുകയാണുണ്ടായത്‌. ഒരു ദിവസത്തോളം അടക്കം ചെയ്യാതെ അനാഥമായി കിടന്ന അവരുടെ മൃതശരീരം പിന്നീട്‌ ബ്രിട്ടീഷുകാരുടെ അനുമതിയോടെ അവിടെ തന്നെ സംസ്കരിക്കുകയായിരുന്നു.

അങ്ങിനെ ദില്ലി കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട , 200 വർഷത്തിലധികം ഭരണ പാരമ്പര്യമുളള ഒരു സാമ്രാജ്യത്തിലെ , രാജകുടുംബത്തിലെ പിന്മുറക്കാരിക്ക് പട്ടിണി കിടന്ന് മരിക്കേണ്ടി വന്നു.

കൂടുതല്‍ വായനക്ക്
1 – നാഗേന്ദ്ര കെ. ആർ. സിംഗ്‌ – എൻസൈക്ലോപീഡിയ ഓഫ്‌ മുസ്ലിം ബയോഗ്രാഫി ഇൻ ഇന്ത്യ , പാക്കിസ്ഥാൻ ആന്റ്‌ ബംഗ്ലാദേശ്‌.
2 – ഇസ്ലാമിക്‌ എൻസൈക്ലോപീഡിയ വോള്യം -10.
Painting :- Mughal lady, early 17th century. Ashmolean Museum, Oxford.

Related Topics

Share this story