Times Kerala

വീടിനകത്തും ഭക്ഷണം ഗ്രില്‍ ചെയ്യാം

 
വീടിനകത്തും ഭക്ഷണം ഗ്രില്‍ ചെയ്യാം

ഇന്ന് ഗ്രില്‍ ചെയ്തെടുക്കുന്ന ഭക്ഷണത്തിനോട് ആളുകള്‍ക്ക് നല്ല താല്പര്യമാണ്. നമ്മുടെ മാറുന്ന ഭക്ഷണ ശീലങ്ങള്‍ക്കിടയില്‍ ഗ്രില്‍ ചെയ്തെടുക്കുന്ന ഭക്ഷണസാധനങ്ങള്‍ ഏറെ സാധാരണമായിക്കഴിഞ്ഞു. എന്നാല്‍ വീട്ടിലും ഗ്രില്‍ ചെയ്യണമെന്ന് തോന്നിയാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. സാധാരണ മുറിക്ക് പുറത്ത് വച്ചാണ് ഗ്രില്ലിങ്ങ് നടത്താറ്. അതല്ല സ്ഥലപരിമിതിയുണ്ടെങ്കില്‍ അടുക്കളയിലും ഇത് ചെയ്യാം. അതിനായി ഒരു ഇലക്ട്രിക് ഗ്രില്‍ വാങ്ങണമെന്ന് മാത്രം. ഗ്രില്ലുകള്‍ പലതരമുണ്ട്. ഇലക്ട്രിക്കും, കല്‍ക്കരി, ഗ്യാസ് തുടങ്ങിയവ ഉപയോഗിക്കുന്നതും. വീട്ടിനുള്ളില്‍ ഉപയോഗിക്കാന്‍ അനുയോജ്യം വൈദ്യുതി ഉപയോഗിച്ചുള്ളത് തന്നെയാണ്. അടുക്കളക്ക് അനുയോജ്യമായ വലുപ്പമുള്ളത് വേണം തെരഞ്ഞെടുക്കാന്‍. രണ്ട് വശവും ഒരേ പോലെ വേവിക്കാന്‍ സാധിക്കുന്ന ഗ്രില്ലുകളുമുണ്ട്.

ഗ്രില്ലുകളില്‍ ചൂട് പല വിധത്തില്‍ ക്രമീകരിക്കാവുന്നവയും, കൂടിയും, കുറഞ്ഞും രണ്ട് തരത്തില്‍ മാത്രം ചൂട് ലഭിക്കുന്നവയുമുണ്ട്. അതുപോലെ മുന്‍ഭാഗം തുറക്കാവുന്ന ഗ്രില്ലുകളുണ്ട്. ഇവയില്‍ ഒരു സമയത്ത് ഒരു ഭാഗം മാത്രമേ വെന്തുകിട്ടൂ. മറ്റേയിനമാണെങ്കില്‍ രണ്ട് വശവും ഒരേ സമയം ഗ്രില്‍ ചെയ്യാം. ഇവക്ക് മേലെയുള്ള ചെരിഞ്ഞ പ്രതലത്തിലൂടെ ഭക്ഷണത്തില്‍ നിന്നുള്ള കൊഴുപ്പുകളും, എണ്ണകളും ഒഴുകിപൊയ്ക്കൊള്ളും. ഇലക്ട്രിക് ഗ്രില്‍ ഉപയോഗിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് ഗ്രില്‍ പാനുകള്‍ ഉപയോഗിക്കാം. ഇവ ഗ്യാസ് സ്റ്റൗ, ഇലക്ട്രിക് സ്റ്റൗ എന്നിവയുടെ മേലെ വച്ച് ഉപയോഗിക്കാം. ഇവ സാധാരണയായി കാസ്റ്റ് അയണ്‍, നോണ്‍സ്റ്റിക്ക് എന്നിവയിലൊന്ന് ഉപയോഗിച്ചുള്ളതായിരിക്കും. പുറത്ത് തയ്യാറാക്കുന്ന ഗ്രില്‍ ഭക്ഷണത്തിന്‍റെ അതേ രുചി ലഭിക്കാന്‍ അല്പം ലിക്വിഡ് സ്മോക്ക് ഉപയോഗിക്കാം. പാചകവിധി ഉപയോഗിച്ച് ഹോട്ട് ഡോഗ്, ചിക്കന്‍, ബര്‍ഗര്‍ എന്നിവയൊക്കെ ഇതില്‍ ഉണ്ടാക്കാം. പുറത്ത് ഉപയോഗിക്കുന്നവയേക്കാള്‍ കൂടുതല്‍ നേരം ഇവയില്‍ തയ്യാറാക്കുമ്പോള്‍ വേണ്ടിവരുമെന്നതും ശ്രദ്ധിക്കുക. ഗ്രില്ലുകളില്‍ നോണ്‍സ്റ്റിക് ഭാഗങ്ങളില്‍ ലോഹപാത്രങ്ങള്‍ ഉപയോഗിച്ചാല്‍ അവ കേടുവരാനിടയാകും. അതുപോലെ കടുത്ത ക്ലീനിങ്ങിനുള്ള രാസവസ്തുക്കള്‍ ഗ്രില്ലില്‍ ഉപയോഗിക്കരുത്. മാംസാഹാരങ്ങള്‍ മാത്രമല്ല പച്ചക്കറികളും ഗ്രില്‍ ചെയ്ത് ഉപയോഗിക്കാം. പുറമേ ഉപയോഗിക്കുന്ന ഗ്രില്ലുകള്‍ക്ക് കടുത്ത ചൂടായതിനാല്‍ അവയില്‍ പച്ചക്കറികള്‍ പാകം ചെയ്യുക പ്രയാസമാണ്. എന്നാല്‍ വീട്ടിനകത്ത് ഉപയോഗിക്കുന്നവ ഇക്കാര്യത്തിന് അനുയോജ്യമാണ്. ഭക്ഷണ സാധനങ്ങള്‍ ഗ്രില്‍ ചെയ്യുമ്പോള്‍ ഗ്രില്ലിലല്ല എണ്ണയും കൊഴുപ്പും പുരട്ടേണ്ടത്.പാചകം ചെയ്യുന്ന സാധനത്തിലാണ്. പാനിലും, ഗ്രില്ലിലും വെണ്ണയോ, മറ്റ് ഓയിലുകളോ ഉപയോഗിക്കാതിരിക്കുക. ഗ്രില്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷക്ക് എപ്പോഴും പ്രധാന്യം നല്കുക. അലക്ഷ്യമായി ഗ്രില്‍ ഓണ്‍ ചെയ്ത് ഇടാതിരിക്കുക. ക്ലീന്‍ ചെയ്യാന്‍ തുടങ്ങും മുമ്പ് ചൂട് പോയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.

Related Topics

Share this story