HomeWorldഇറാൻ-US ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പാക് പ്രധാനമന്ത്രി സൗദിയിലേക്ക് | Iran-US...

ഇറാൻ-US ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പാക് പ്രധാനമന്ത്രി സൗദിയിലേക്ക് | Iran-US talks

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അടിയന്തര സന്ദർശനത്തിനായി സൗദി അറേബ്യയിലേക്ക് തിരിക്കുന്നു. ഇസ്ലാമാബാദിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ഇറാൻ-യുഎസ് ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണം.(Pakistani Prime Minister to Saudi Arabia after Iran-US talks fail)

ഇസ്ലാമാബാദിൽ ശനിയാഴ്ച ആരംഭിച്ച് ഞായറാഴ്ച പുലർച്ചെ വരെ നീണ്ട 21 മണിക്കൂർ ചർച്ചയിൽ കൃത്യമായ തീരുമാനങ്ങളിൽ എത്താൻ ഇരുപക്ഷത്തിനും സാധിച്ചില്ല. ചർച്ചകൾ ഫലം കാണാത്തതിനെത്തുടർന്ന് ഇറാന്റെ തീരപ്രദേശങ്ങളിലേക്കും തുറമുഖങ്ങളിലേക്കും ഉള്ള സമുദ്രഗതാഗതം പൂർണ്ണമായും ഉപരോധിക്കുമെന്ന് യുഎസ് സൈന്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയുള്ള ആക്രമണം ഇറാൻ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ടെങ്കിലും മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്.

പ്രധാനമന്ത്രിയോടൊപ്പം പ്രതിരോധ സേനാ മേധാവി ജനറൽ അസിം മുനീർ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ എന്നിവരും റിയാദിലെത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. 2025 സെപ്റ്റംബറിൽ ഒപ്പുവെച്ച പ്രതിരോധ ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ സംയുക്തമായി നേരിടാൻ പാകിസ്ഥാനും സൗദിയും ബാധ്യസ്ഥരാണ്. ഇതിന്റെ ഭാഗമായി പാക് യുദ്ധവിമാനങ്ങളും സൈനികരും നിലവിൽ സൗദിയിൽ നിലയുറപ്പിച്ചിട്ടുണ്ട്.

Clickable Info Box