ന്യൂഡൽഹി: ഇന്ത്യൻ പുരുഷ-വനിതാ ഹോക്കി ടീമുകളുടെ പരമ്പരാഗത നീല ജഴ്‌സിക്ക് പകരം സാഫ്രൺ നിറത്തിലുള്ള ജഴ്‌സി അവതരിപ്പിച്ച നടപടിയിൽ ഹോക്കി ഇന്ത്യയ്ക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു (Hockey India saffron jersey controversy). ജഴ്‌സിയുടെ നിറം മാറ്റാനുള്ള തീരുമാനം എക്സിക്യൂട്ടീവ് ബോർഡിന്റെ പരിഗണനയ്ക്ക് നൽകാതെയും തന്റെ മുൻകൂർ അറിവില്ലാതെയും നടപ്പാക്കിയതിൽ ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് തിര്‍ക്കി വിശദീകരണം തേടി.
ജഴ്‌സി നിറം മാറ്റിയതിൽ തനിക്ക് എതിർപ്പില്ലെന്നും എന്നാൽ ദേശീയ ടീമിന്റെ പ്രതിനിധാനവും സ്വത്വവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തോടും എക്സിക്യൂട്ടീവ് ബോർഡിനോടും ചർച്ച ചെയ്തശേഷം എടുക്കേണ്ടതായിരുന്നുവെന്നും തിര്‍ക്കി വ്യക്തമാക്കി. തീരുമാനം എടുക്കാൻ ഉപയോഗിച്ച മാനദണ്ഡം, പിന്തുടർന്ന നടപടിക്രമം, അംഗീകാരം ലഭിച്ച സാഹചര്യം എന്നിവ രേഖാമൂലം അറിയിക്കണമെന്നാണ് ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ജഴ്‌സി മാറ്റവുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് ബോർഡിലെ മുതിർന്ന അംഗങ്ങളെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ഏത് അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും വിശദീകരിക്കണമെന്നും തുടർ ഇ-മെയിലിൽ തിര്‍ക്കി ആവശ്യപ്പെട്ടു. വിഷയത്തിൽ ഒഡിഷ സർക്കാരും അദ്ദേഹത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, സാഫ്രൺ നിറം തിരഞ്ഞെടുക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് ദിലീപ് തിര്‍ക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. നീല നിറത്തിലുള്ള ഹോക്കി ടർഫിൽ കളിക്കാർക്ക് പരസ്പരം വ്യക്തമായി തിരിച്ചറിയാനും മികച്ച ദൃശ്യവ്യത്യാസം ഉറപ്പാക്കാനുമാണ് ജഴ്‌സിയുടെ നിറം മാറ്റിയതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കളിക്കാരുടെയും പരിശീലകരുടെയും നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിറം തെരഞ്ഞെടുത്തതെന്നും ആരുടെയും സമ്മർദത്തിന് വഴങ്ങിയല്ല തീരുമാനമെന്നും തിര്‍ക്കി പറഞ്ഞിരുന്നു. 2014-ലും 2018-ലും ഇന്ത്യൻ ടീമിന്റെ ജഴ്‌സി നിറത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ പുതിയ വെളിപ്പെടുത്തലോടെ ജഴ്‌സി മാറ്റം സംബന്ധിച്ച തീരുമാനമെടുക്കൽ നടപടിക്രമവും ഹോക്കി ഇന്ത്യയുടെ ഭരണസംവിധാനവും വീണ്ടും ചർച്ചയായിരിക്കുകയാണ്. ലോകകപ്പ് അടുത്തിരിക്കെ വിവാദം ടീമിന്റെ ഒരുക്കങ്ങളെ ബാധിക്കാതിരിക്കാൻ വിഷയത്തിൽ വ്യക്തത വരുത്തണമെന്ന ആവശ്യവും ശക്തമാണ്.
Summary: Hockey India President Dilip Tirkey has sought a written explanation from federation officials over the decision to change the Indian hockey teams’ traditional blue jerseys to saffron. Tirkey said he was not informed about the move and that the Executive Board was not consulted, even though he maintains that the colour change was made for sporting and visibility reasons.


